മുക്കം: അഗസ്ത്യൻമുഴി ഇരുവഴിഞ്ഞിപ്പുഴയോരത്തെ മൈതാന നവീകരണത്തിനെതിരെ നാട്ടുകാർ രംഗത്ത്. 20 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന നവീകരണത്തിനെതിരെയാണ് നാട്ടുകാർ രംഗത്തെത്തിയത്. പുഴയോട് ചേർന്ന്, മൈതാനത്ത് 50 സെന്റി മീറ്റർ ഉയരത്തിൽ കരിങ്കല്ലു കൊണ്ട് കെട്ടി മണ്ണിട്ട് മൈതാനം നിരപ്പാക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയത്.
ഒരടി താഴ്ചയിൽ കിളയെടുത്ത് 150 മീറ്റർ നീളത്തിലാണ് അരിക് കെട്ടുന്നത്. കരിങ്കൽ കെട്ടിന് 216000 രൂപയും മണ്ണ് നിറയ്ക്കുന്നതിന് 16 ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഈ നവീകരണം കൊണ്ട് മൈതാനത്തിനും കായിക പ്രേമികൾക്കും യാതൊരു ഗുണവുമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
പുഴയോരത്തെ മണ്ണ് പല ഭാഗങ്ങളിലും ഇടിഞ്ഞ നിലയിലാണ്. മഴക്കാലത്ത് ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുമ്പോൾ മൈതാനത്ത് നാല് മീറ്ററോളം ഉയരത്തിൽ വെള്ളം നിറയാറുണ്ടെന്നും ഉറപ്പുള്ള അടിത്തറ കെട്ടാതെ മണ്ണിട്ട് നികത്തിയാൽ പുഴ കരകവിഞ്ഞൊഴുകുമ്പോൾ കെട്ട് പൊട്ടിപ്പോകുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.
മാത്രമല്ല, ശക്തമായ ഒഴുക്കിൽ പുഴ വെള്ളത്തിലുണ്ടാകുന്ന മണലും മണ്ണും മൈതാനത്തെത്തിയാൽ നിലവിലെ അവസ്ഥ തന്നെയായിരിക്കുമെന്നും നാട്ടുകാർ പറയുന്നു. അങ്ങനെ വന്നാൽ 20 ലക്ഷം വെള്ളത്തിലാകുമെന്നും നാട്ടുകാർ പറയുന്നു. വരുന്ന വർഷം മൈതാന നവീകരണത്തിന് വലിയ തുക വകയിരുത്തിയാൽ ഇപ്പോൾ കെട്ടുന്ന കെട്ട് പൂർണമായും പൊളിച്ച് പ്രവൃത്തി ആരംഭിക്കേണ്ടി വരുമെന്നും നാട്ടുകാർ പറഞ്ഞു.
അതേസമയം മലയോരത്തെ കായിക പ്രേമികൾക്ക് മാസങ്ങളായി ഉപയോഗശൂന്യമായി കിടന്ന ഗ്രൗണ്ട് നവീകരിച്ച് നൽകുക എന്നതാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യംവച്ചതെന്ന് ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം പറഞ്ഞു. മുക്കം നഗരസഭ കൗൺസിലർ പി.പ്രശോഭ് കുമാർ, തിരുവമ്പാടി ഗ്രാമപഞ്ചായത്തംഗം കെ.ആർ.ഗോപാലൻ എന്നിവർ എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ സന്നിഹിതരായിരുന്നുവെന്നും അവരാരും യാതൊരു എതിർപ്പും അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.