തളിപ്പറമ്പ്: വീതി കൂട്ടാനിരിക്കുന്ന റോഡില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പിഡബ്ല്യുഡിയുടെ ഡ്രൈനേജ് നിര്‍മാണം. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയില്‍ കരിമ്പത്താണ് പിഡബ്ല്യുഡി അധികാരികള്‍ തല തിരിഞ്ഞ വികസനം നടപ്പിലാക്കുന്നത്. പാതയുടെ ഇരുഭാഗങ്ങളിലായി മുന്നൂറ് മീറ്റര്‍ നീളത്തില്‍ 25 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
സംസ്ഥാന പാതയില്‍ സ്ഥിരം അപകട മേഖലയായ കരിമ്പം പാലത്തിനും ഫാം ഓഫീസിനും ഇടയിലുളള ഭാഗം വീതികൂട്ടുന്നതിനുളള നിര്‍ദ്ദേശം സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. കാലപ്പഴക്കം കൊണ്ട് തകര്‍ച്ചാ ഭീഷണിയുളളതും വീതി കുറഞ്ഞതിനാല്‍ അപകടം പതിയിരിക്കുന്നതുമായ പാലം ഉള്‍പ്പെടെ പുനര്‍നിര്‍മിച്ച് കുറഞ്ഞത് പതിനഞ്ചു മീറ്റര്‍ വീതിയില്‍ റോഡു വീതികൂട്ടുന്നതിന് 50 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നടപ്പാക്കുന്നതിന് അനുകൂലമായ നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
നിലവില്‍ 12 മീറ്ററാണ് ഇവിടെ കൂടിയ വീതിയുള്ളത്. രണ്ടു ഭാഗവും ഡ്രൈനേജ് വരുന്നതോടെ ഇത് ഒന്‍പത് മീറ്ററായി കുറയും. ഇത് അപകട ഭീഷണി വര്‍ദ്ധിപ്പിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതോടൊപ്പം റോഡു വീതികൂട്ടുന്ന പദ്ധതി നടപ്പിലാക്കുമ്പോള്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഡ്രൈനേജ് പൂര്‍ണമായും നശിക്കും.
ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം പൊതുഖജനാവിന് ഉണ്ടാകുന്നത്. പൊതുവെ വീതികുറഞ്ഞ ഈ ഭാഗത്ത് നിര്‍മ്മാണ സാമഗ്രികള്‍ റോഡിലാണ് ഇറക്കിവച്ചിരിക്കുന്നത് ഇതു അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നും റോഡു വീതികൂട്ടുന്ന പദ്ധതി നടപ്പിലാക്കുന്നത് വേഗത്തിലാക്കണമെന്നുമുളള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്.