കണ്ണൂർ: ജില്ലാ ആശുപത്രിയിലെ ഡോക്ടറോട് കണ്ണൂർ ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ പ്രത്യേക സംഘത്തിനു മുന്നിൽ ഡോക്ടർ മൊഴി നൽകും. കണ്ണൂർ ജില്ലാ ആശുപത്രിയിലെ അസി. സർജൻ ഡോ. കെ. പ്രതിഭയാണ് 23ന് തിരുവനന്തപുരത്തുള്ള പ്രത്യേക അന്വേഷണസംഘത്തിനു മുന്പാകെ മൊഴി നൽകുന്നത്.
എസ്ഐക്കെതിരേ കണ്ണൂർ റേഞ്ച് ഐജിക്കും ജില്ലാ പോലീസ് മേധാവിക്കുമാണ് ഡോ. പ്രതിഭ പരാതി നൽകിയത്. തുടർന്ന് ജില്ലാ പോലീസ് മേധാവി പരാതി തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ആരോഗ്യ സെക്രട്ടറിയും വിശദീകരണം തേടിയിട്ടുണ്ട്.
കെജിഎംഒ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചിട്ടുണ്ട്. ഇതിനിടയിൽ തനിക്ക് സുരക്ഷിതത്വം ഏർപ്പെടുത്തി നൽകുന്നതിന്റെ ഭാഗമായി സ്വന്തം ജില്ലയിലേക്ക് സ്ഥലംമാറ്റം അനുവദിച്ച് അടിയന്തര ഉത്തരവ് ഇറക്കുവാനുള്ള തീരുമാനം റദ്ദാക്കണമെന്ന് രേഖാമൂലം താൻ സംസ്ഥാന ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ഡോ. പ്രതിഭ പത്രക്കുറിപ്പിലൂടെ അറിയിച്ചു.