ഒന്നര പതിറ്റാണ്ട് മുമ്പ് യുകെയില്‍ എത്തിയത് സ്റ്റുഡന്റ് വിസയില്‍; വിവിധ ജോലികള്‍ ചെയ്ത്‌ശേഷം ഫ്രഞ്ച്കാരിയെ കല്യാണം കഴിച്ചു; ചായക്കച്ചവടത്തിലൂടെ കോടീശ്വരനായ മലയാളിയുടെ കഥ സിനിമയെ അതിശയിപ്പിക്കുന്നത്…

ലണ്ടന്‍: മലയാളികള്‍ പലപ്പോഴും ലോകത്തെത്തന്നെ അമ്പരപ്പിക്കാറുണ്ട്. അത്തരം ഒരാളാണ് മലയാളിയായ രൂപേഷ് തോമസ്. വെറും 600 പൗണ്ടുമായി കേരളത്തില്‍ നിന്നും യുകെയിലെത്തി കോടീശ്വരനായ വ്യക്തിയായ ഈ 39കാരന്റെ ജീവിതം സിനിമക്കഥകളെപ്പോലും അമ്പരപ്പിക്കുന്നതാണ്. 2002ല്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തുകയായിരുന്നു രൂപേഷ്.

തുടര്‍ന്ന് മാക് ഡൊണാള്‍ഡ്‌സിലും നഴ്‌സിംഗ് ഹോമിലും പണിയെടുത്ത് യുകെ ജീവിത്തതിന് അദ്ദേഹം തുടക്കമിട്ടു. സെയില്‍സ്മാനായിരിക്കവെ സ്വന്തം ചായക്കച്ചവടം തുടങ്ങുകയും ചെയ്തു.തുടര്‍ന്ന് ഫ്രഞ്ച്കാരിയായ അലക്‌സാണ്ട്രയെ കല്യാണം കഴിച്ച് കോടീശ്വരനായി മാറിയ മലയാളിയുടെ കഥ സചിത്ര വിവരണത്തോടെയാണ് ബ്രിട്ടീഷ് ഓണ്‍ലൈന്‍ ന്യൂസായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുകെയിലെത്തി വെറും 15 വര്‍ഷങ്ങള്‍ കൊണ്ട് കോടീശ്വരനായ രൂപേഷിനെ യഥാര്‍ത്ഥ ജീവിതത്തിലെ സ്ലം ഡോഗ് മില്യണയര്‍ എന്നാണ് ഡെയിലി മെയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചായ് ടീ ബിസിനസ് ആരംഭിച്ച് കൊണ്ടാണ് ഇദ്ദേഹം യുകെയിലെത്തി രക്ഷപ്പെട്ടിരിക്കുന്നത്.

നിലവില്‍ സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിള്‍ഡണില്‍ ഒരു മില്യണ്‍ പൗണ്ടിന്റെ പ്രോപ്പര്‍ട്ടിയാണ് ഇദ്ദേഹത്തിന് സ്വന്തമായിട്ടുള്ളത്.ഇതിന് പുറമെ സൗത്ത് ലണ്ടനിലെ ക്രോയ്‌ഡോണില്‍ മൂന്നര ലക്ഷം പൗണ്ട് വില വരുന്ന രണ്ടാമതൊരു വീടും രൂപേഷിനുണ്ട്. ഇദ്ദേഹം യുകെയില്‍ ആരംഭിച്ച ചായ് ടീ ബിസിനസായ ടുക് ടുക് ചായ്ക്ക് നിലവില്‍ രണ്ട്മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ട്.

20008ല്‍ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തില്‍ ബ്രിട്ടീഷ് അഭിനേതാവായ ദേവ് പട്ടേല്‍ ജമാല്‍ മാലിക് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. ഒരു ടിവി ഗെയിം ഷോയില്‍ വിജയിച്ചാണ് ചേരിയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മില്യണയറായി മാറിയിരുന്നത്.

ഏതാണ്ട് ഇതേ രീതിയിലാണ് രൂപേഷും കോടീശ്വരനായി മാറിയിരിക്കുന്നത്. എന്നാല്‍ ഭാഗ്യം കൊണ്ടല്ല തന്റെ കഠിനാധ്വാനം കൊണ്ടാണ് രൂപേഷ് മില്യണയറായിരിക്കുന്നതെന്ന വ്യത്യാസമുണ്ട്. കേരളത്തില്‍ ജനിച്ച് വളര്‍ന്ന കാലത്ത് തന്നെ യുകെയില്‍ എത്തണമെന്നത് രൂപേഷിന്റെ സ്വപ്നമായിരുന്നു. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ശ്രമങ്ങളുമാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റി മറിച്ചിരിക്കുന്നത്.

തന്റെ അച്ഛന്‍ ജോലിക്കായി പോകുമ്പോള്‍ വീട്ടിലുള്ള ലണ്ടന്‍ നഗരത്തിന്റെ ചിത്രത്തിലേക്ക് താന്‍ എപ്പോഴും നോക്കിയിരിക്കാറുണ്ടായിരുന്നുവെന്നാണ് രൂപേഷ് പറയുന്നത്.ഇവിടെ എങ്ങനെയെങ്കിലും എത്താനും മികച്ച ജീവിതം കെട്ടിപ്പടുക്കാനും അന്നേ ആഗ്രഹിച്ചിരുന്നുവെന്നും രൂപേഷ് പറയുന്നു.തുടര്‍ന്ന് 23 വയസായപ്പോള്‍ രൂപേഷ് തന്റെ യമഹ മോട്ടോര്‍ സൈക്കിള്‍ 300 പൗണ്ടിന് വില്‍ക്കുകയും കുറച്ച് പണം കൂടി തന്റെ പിതാവില്‍ നിന്നും കടം വാങ്ങുകയും ചെയ്ത് 2002ല്‍ ലണ്ടനിലേക്ക് വിമാനം കയറുകയായിരുന്നു.

ഈസ്റ്റ്‌ലണ്ടനിലെ സ്ട്രാറ്റ്‌ഫോര്‍ഡിലെത്തിയ അദ്ദേഹം മാക്‌ഡൊണാള്‍ഡില്‍ ജോലിക്ക് കയറുമ്പോള്‍ മണിക്കൂറിന് വെറും നാലു പൗണ്ട് മാത്രമായിരുന്നു ശമ്പളം.രണ്ടാഴ്ചയ്ക്കു ശേഷം അടുത്ത ജോലിയില്‍ ചേര്‍ന്നു. പിന്നീട് 2003ല്‍ ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനായി.

അധികം വൈകാതെ കമ്പനിയിലെ മികച്ച സെല്ലറായി അദ്ദേഹം മാറുകയായിരുന്നു. തുടര്‍ന്ന് ടീം ലീഡറായി പ്രമോഷന്‍ ലഭിച്ചു.ആ ജോലിക്കിടെ അലക്‌സാണ്ട്രയെന്ന ഫ്രഞ്ചുകാരിയെ കണ്ട് അടുക്കുകയും 2007ല്‍ വിവാഹം ചെയ്യുകയും ചെയ്തു. 2009ല്‍ അവര്‍ വിംബിള്‍ഡണ്‍ ടെന്നീസ് ഗ്രൗണ്ടിനടുത്ത് ഒരു മിഡ് ടെറസ് വീട് വാങ്ങുകയും ചെയ്തു.ഭാര്യക്ക് ഇന്ത്യന്‍ ചായയിലുള്ള ഇഷ്ടമായിരുന്നു രൂപേഷ് സ്വന്തം ചായ് ടീ ബിസിനസ് ആരംഭിക്കുന്നതിന് വഴിയൊരുക്കിയത്. 2015ല്‍ ഒന്നരലക്ഷം പൗണ്ട് മുടക്കിയായിരുന്നു രൂപേഷ് ബിസിനസ് തുടങ്ങിയത്. പിന്നീടുള്ളത് ചരിത്രമാണ്.

 

Related posts