മലയാളത്തിലെ ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാലെന്ന് നടി ധൻസിക. യുഎഇയിൽ ഒരു സ്വകാര്യ എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ഏറ്റവും ഇഷ്ടപ്പെട്ട നടി പാർവതിയാണെന്നും അവർ കൂട്ടിച്ചേർത്തു.
കബാലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടി ചിത്രത്തിന്റെ വിശേഷങ്ങളും പങ്കുവച്ചു. കബാലി ഒരിക്കലും മറക്കാൻ പറ്റാത്ത ചിത്രമാണ്. രജനികാന്ത് സാറിന്റെ സാന്നിധ്യം കൂട്ടത്തിലുള്ള എല്ലാവരിലേക്കും ഉൗർജം പകരുന്നതാണ്. അദ്ദേഹത്തിന്റെ എളിമ വിസ്മയിപ്പിക്കുന്നതാണ്. കബാലിയുടെ എല്ലാ രംഗങ്ങളും തന്റെ മനസിൽ മായാതെ നിൽക്കുന്നുണ്ടെന്നും ധൻസിക പറഞ്ഞു.
എന്ത് ചെയ്താലും അത് ഒന്നാമത്തെ ടേക്കിൽത്തന്നെ ചെയ്യണം. രജനിസാർ തന്ന ഉപദേശം എന്നും മനസിൽ സൂക്ഷിക്കുന്നുണ്ട്. അദ്ദേഹത്തോട് ശിവാജി ഗണേശൻ സാർ പറഞ്ഞതാണിത്- ധൻസിക കൂട്ടിച്ചേർത്തു. തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നടി അടുത്തിടെ ’സോളോയിലൂടെ’ മലയാളത്തിലും എത്തിയിരുന്നു. കിത്ന എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്താനൊരുങ്ങുകയാണ് ധൻസിക.