ഫ്രഞ്ച് രാജ്ഞി ആൻ ഓഫ് ബ്രിട്ടനിയുടെ ഹൃദയം ഫ്രാൻസിലെ ഒരു മ്യൂസിയത്തിൽനിന്ന് മോഷണം പോയി. ഹൃദയം സൂക്ഷിച്ചിരുന്ന ഓവൽ ഷേപ്പിലുള്ള സ്വർണപ്പെട്ടിയും മോഷണം പോയിട്ടുണ്ട്. മ്യൂസിയത്തിന്റെ ജനൽ തകർത്ത് അകത്തുകടന്ന കള്ളന്മാരാണ് 400 വർഷം പഴക്കമുള്ള ഈ സ്മാരകം മോഷ്ടിച്ചത്.
ദീർഘനാൾ ബ്രിട്ടനി എന്ന പ്രദേശത്തിന്റെ രാജ്ഞിയായിരുന്നയാളാണ് ആൻ. രാജ്ഞി മരിച്ചപ്പോൾ അവരുടെ ഓർമ എന്നും നിലനിർത്തുന്നതിനായി ശരീരത്തിൽനിന്ന് ഹൃദയം എടുത്തുമാറ്റി ഒരു സ്വർണ പേടകത്തിൽ സൂക്ഷിക്കുകയായിരുന്നു. നിരവധി കൊത്തുപണികളൊക്കെ ചെയ്ത് മനോഹരമാക്കിയതാണ് ഈ പേടകം.
ആദ്യം രാജകൊട്ടാരത്തിലെ കല്ലറയിലാണ് ഈ പേടകം സൂക്ഷിച്ചിരുന്നത്. 130 വർഷം മുന്പാണ് ഇത് മ്യൂസിയത്തിലേക്ക് മാറ്റിയത്. ഇത്രയും അമൂല്യമായ ഒരു വസ്തു മോഷണം പോയതിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.