ഇലക്ട്രോണിക് ഉപകരണങ്ങൾ തമ്മിൽ വയർലെസ് സംവിധാനം വഴി വിവരങ്ങൾ കൈമാറാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കാണ് മിക്കവർക്കും ബ്ലൂടൂത്ത് പരിചയം.ഈ സംവിധാനത്തിന് ബ്ലൂടൂത്ത് എന്ന് പേരുകിട്ടയത് ഡെൻമാർക്ക് രാജാവായിരുന്ന ഹരാൾഡ് ബ്ലൂടൂത്തിൽനിന്നാണ്. ഡെൻമാർക്കിലേക്ക് ആദ്യമായി ക്രിസ്തുമതം കൊണ്ടുവന്ന ഈ രാജാവിന്റെ ശവകുടീരം ജർമനിയിൽ കണ്ടെത്തി.
ഒരു പുരാവസ്തു ശാസ്ത്ര ഗവേഷകനും അദ്ദേഹത്തിന്റെ സഹായിയായ ഒരു 15 കാരനും ചേർന്ന് നടത്തിയ ഖനനത്തിനിടെയാണ് ബ്ലൂടൂത്ത് രാജാവിന്റെ ശവകുടീരം കണ്ടെത്തിയത്. ഇവരുടെ നിധി അന്വേഷിച്ചുള്ള യാത്രയ്ക്കിടെയാണ് ബ്ലൂടൂത്തിന്റെ ശവകുടീരം ശ്രദ്ധയിൽപ്പെടുന്നത്. 400 ചതുരശ്രഅടി സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
എഡി 958 മുതൽ 986 വരെ ഡെൻമാർക്ക് ഭരിച്ച രാജാവായിരുന്നു ഹരാൾഡ് ബ്ലൂടൂത്ത്. ഹാരി ബ്ലൂടൂത്ത് എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പണ്ട് ഡെൻമാർക്കിന്റെ ഭാഗമായിരുന്ന ഉത്തര ജർമനിയിലാണ് അദ്ദേഹത്തിന്റെ കല്ലറ കണ്ടെത്തിയത്. ചെന്പിൽ തീർത്ത മാലകളും മോതിരങ്ങളും നാണയങ്ങളും പേൾ ആഭരണങ്ങളും ചുറ്റികയുമെല്ലാം ഈ ശവകുടീരത്തിൽനിന്ന് കണ്ടെടുത്തു.