മരണം തട്ടിപ്പറിച്ചെടുത്താലും നിന്നെ ഞാനും മോനും ചേർന്ന് നിന്ന് ഇവിടെ ജീവിപ്പിച്ചു നിർത്തും.. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെയും മകനെയും വിട്ടകന്ന ഭാര്യയുടെ ഒർമകളെ മുറുക്കെ പിടിച്ച് ഉറക്കെ പറയുകയാണ് പട്ടാന്പി സ്വദേശിയായ രമേശ് കുമാർ.
എട്ടു വർഷം കൂട്ടുകാരിയായും അഞ്ചുവർഷം പ്രിയ പത്നിയായും തനിക്കൊപ്പം ചേർന്നു നിന്നവളെ കാൻസർ എന്ന മഹാദുരന്തം മറ്റൊരു ലോകത്തിലേക്കു കൊണ്ടുപോയപ്പോൾ അവൾ സമ്മാനിച്ച പിഞ്ചോമനയുടെ മുഖമാണ് മുന്പോട്ടുള്ള ജീവിതത്തിന് രമേശ് കുമാറിന് ധൈര്യം പകർന്നത്.
ഒരു വർഷം മുന്പാണ് കാൻസറിന്റെ അതികഠിനമായ വേദനയിൽ നിന്നും ശരീരത്തെ വേർപെടുത്തി പറന്നകന്ന തന്റെ ഭാര്യയെ കുറിച്ച് പട്ടാന്പി സ്വദേശിയായ രമേശ് കുമാർ എന്നയാൾ ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചത്. അഗ്നി ശരീരത്തിൽ പതിഞ്ഞിറങ്ങിയ അനുഭവമാണ് അത് വായിച്ചു തീർത്ത ഓരോരുത്തർക്കും തോന്നുക.
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ വർഷം ഒന്ന് പിന്നിടുന്പോൾ തന്റെ പ്രിയതമ സമ്മാനിച്ച മകനെയും ചേർത്തു പിടിച്ച് മനസു നിറയെ അവളോടുള്ള പ്രണയം ഒരു തരിപോലും ചോർന്നു പോകാതെ രമേശ് കുമാർ വീണ്ടും പറയുകയാണ് മരണത്തിനു മാത്രമേ ഞങ്ങളെ വേർപിരിക്കുവാൻ കഴിയു എന്ന്. അവൾ പോയി വർഷം ഒന്നു പിന്നിടുന്പോൾ തന്റെ ശരീരത്തിന്റെയും ജീവന്റെയും പാതി ഇല്ലാത്തതന്റെ ഓർമകൾ അദ്ദേഹം വീണ്ടും പങ്കുവെയക്കുകയാണ് ഫേസ്ബുക്കിൽ കൂടി.