ഗാസിയാബാദ്: കാറിനുള്ളിലെ കുട്ടിക്കളി കാര്യമായി, കുട്ടിയുടെ കൈതട്ടി ഹാൻഡ് ബ്രേക്ക് മാറിയതിനെ തുടർന്ന് കാർ ഉരുണ്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം. മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ പിതാവും ആറ് ബന്ധുക്കളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയും നാല് പേർ സ്ത്രീകളുമാണ്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്.
ബറേലി രാംപുർ സ്വദേശിയായ ഓം പ്രകാശ് രസ്തോഗിയും (55) ബന്ധുക്കളുമാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹവും ബന്ധുക്കളായ 11 പേരുമാണ് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗാസിയാബാദിൽ എത്തിയത്. ടാറ്റാ സുമോ കാറിലാണ് ഇവർ സഞ്ചരിച്ചത്. ഗാസിയാബാദിലെ വിജയ് നഗറിൽ ദേശീയപാത -24 ൽ ആയിരുന്നു അപകടം.
റോഡ് അരികിൽ കാർ നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. കാർ നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ മുന്നിൽ ഇരുന്നിരുന്ന കുട്ടി ഹാൻഡ് ബ്രേക്ക് മാറ്റുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ബ്രേക്ക് മാറ്റിയതാണ്. ഇതോടെ കാർ തനിയെ ഉരുണ്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിനു ശേഷം ഡ്രൈവറെ കാണാതായി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.