കൊച്ചി: എളമക്കര പോണേക്കരയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊലപാതകത്തിലേക്കു നയിച്ചത് ഇരുവരും തമ്മിലുള്ള നിരന്തര വഴക്ക്. യുവതിയുടെ ഫോണിലേക്കെത്തുന്ന സന്ദേശങ്ങളായിരുന്നു വഴക്കിന് ആധാരമെന്നും പോലീസ് കരുതുന്നു.
എളമക്കര പോണേക്കര മീഞ്ചിറ റോഡിൽ ആന്റണി പറത്തറ ലൈനിൽ വൈഷ്ണവത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന കോട്ടയം കൊടുങ്ങൂർ വാഴൂർ തൈത്തോട്ടം ശശിയുടെ മകൾ മീര (24), പാലക്കാട് കോൽപ്പാടം തെങ്കര ചെറിക്കലം കബീറിന്റെ മകൻ നൗഫൽ (28) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ഇരുവരുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കാണപ്പെടുകയായിരുന്നു. മീര കുത്തേറ്റു മരിച്ചനിലയിലും നൗഫൽ തൂങ്ങിമരിച്ചനിലയിലുമായിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: ഹോട്ടൽ ജീവനക്കാരനായ നൗഫലും ബ്യൂട്ടിപാർലർ ഷോപ്പിലെ ജീവനക്കാരിയുമായ മീരയും കുറച്ചുമാസങ്ങളായി ഒരുമിച്ചുതാമസിച്ചുവരികയായിരുന്നു. ആദ്യ വിവാഹത്തിൽനിന്നു വിവാഹമോചനം തേടിയാണു മീര നൗഫലിനൊപ്പം താമസിച്ചുവന്നിരുന്നത്. മീരക്കു മൂന്നര വയസുള്ള ഒരു കുട്ടിയുണ്ട്. നൗഫലും വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ്.
മീരയുമായി ഒരുമിച്ച് താമസിച്ചുവരികേ വിവിധ വിഷയങ്ങളിൽ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുക പതിവായിരുന്നു. ഫോണിലേക്കെത്തുന്ന സന്ദേശങ്ങളുടെ പേരിൽ രണ്ടുമാസം മുന്പ് ഇവർതമ്മിണ്ടായ വഴക്കിനെത്തുടർന്ന് നൗഫൽ വാടക വീടിന്റെ ജനൽ ചില്ലുകൾ തകർത്തിരുന്നു.
വെള്ളിയാഴ്ചയും ഇത്തരത്തിൽ വാക്കുതർക്കം ഉണ്ടാകുകയോ മുൻ വൈരാഗ്യമോ ആകാം യുവതിയുടെ കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നിഗമനം. മീരയെ കൊലപ്പെടുത്തും മുന്പ് നൗഫൽ സഹോദരിയെ ഫോണിൽ വിളിച്ചു മീരയെ മറ്റൊരു പുരുഷനുമായി കണ്ടെന്നും അതിനാൽ കൊലപ്പെടുത്തിയെന്നും താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞിരുന്നു.
വയറിനേറ്റ ആഴത്തിലുള്ള കുത്താണു മരണകാരണമായതെന്നാണു പ്രാഥമിക നിഗമനം. വയറിൽ കത്തി കുത്തിയിറക്കി മുകളിലേക്കു വലിച്ചനിലയിലായിരുന്നു. മരണം ഉറപ്പാക്കിയ നൗഫൽ സ്വന്തം കൈത്തടത്തിൽ മുറിവേൽപ്പിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നുവെന്നു കരുതുന്നു.
കുത്താനുപയോഗിച്ച് കത്തി കട്ടിലിനു സമീപത്തുനിന്നു പോലീസ് കണ്ടെടുത്തു. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു കളമശേരി സിഐ എസ്. ജയകൃഷ്ണൻ പറഞ്ഞു.