കൊച്ചി: ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാർഡുകൾ ഒറ്റദിവസം ഏറ്റുവാങ്ങി അജയകുമാർ എന്ന ഗിന്നസ് പക്രു തിളങ്ങുംതാരമായി. 2013ൽ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റിക്കാർഡുകൾക്കു പക്രുവിനെ അർഹനാക്കിയത്.
ലിംക ബുക്ക് ഓഫ് റിക്കാർഡ്, യൂണിവേഴ്സൽ റിക്കാർഡ്സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് എന്നിവ ഇന്നലെ ഒരുവേദിയിൽ വച്ചു ഗിന്നസ് പക്രു ഏറ്റുവാങ്ങി. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ലിംക ബുക്ക് ഓഫ് റിക്കാർഡ് സർട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയും യൂണിവേഴ്സൽ റിക്കാർഡ് ഡോ. സുനിൽ ജോസഫും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാർഡ് ടോളിയും സമ്മാനിച്ചു.
ഇതിൽ ലിംക ബുക്ക് ഓഫ് റിക്കാർഡ് ആറു മാസം മുന്പേ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു റിക്കാർഡുകളുടെ പ്രഖ്യാപനം അടുത്ത ദിവസമാണു നടന്നത്. വിനയന്റെ അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.
ജീവിതത്തിൽ ഇനിയും മുന്നേറാനുള്ള പ്രചോദനമായി ഈ റിക്കാർഡുകൾ മാറുമെന്നു ഗിന്നസ് പക്രു പറഞ്ഞു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ഇളയരാജയിലൂടെ വീണ്ടും നായകനാകാനുള്ള തയാറെടുപ്പിലാണു ഗിന്നസ് പക്രു. 27നു സിനിമയുടെ ചിത്രീകരണം തൃശൂരിൽ ആരംഭിക്കും.