ന്യൂഡൽഹി: ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന വർഗീയ ട്വിറ്റർ പരാമർശവുമായി യുവാവ്. വിശ്വഹിന്ദു പരിഷതുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്ര പ്രതിരോധമന്ത്രിയും പെട്രോളിയം മന്ത്രിയും സാംസ്കാരികമന്ത്രിയും അടക്കമുള്ള പ്രമുഖർ.
ഈ മാസം ഇരുപതിനാണ് അഭിഷേക് മിശ്രയെന്നയാൾ ട്വിറ്ററിൽ ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന പരാമർശം നടത്തിയത്. ന്”ജിഹാദി’കൾക്കു പണം നൽകാൻ ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു ഇയാൾ ടാക്സി റദ്ദാക്കിയതിനു നൽകിയ കാരണം. ഇതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ട്വിറ്ററിൽ പങ്കുവച്ചു. മസൂദ് ആലം എന്നാണ് ടാക്സി ഡ്രൈവറുടെ പേരെന്ന് ചിത്രത്തിൽ കാണാൻ കഴിയും.
14,000 പേരാണ് ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, സാംസ്കാരികമന്ത്രി മഹേഷ് ശർമ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അയോധ്യ സ്വദേശിയായ അഭിഷേക് ലക്നോവിൽ ഐടി ജീവനക്കാരനാണെന്നാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ പറയുന്നത്.
വർഗീയ പരാമർശം ട്വിറ്ററിൽ വിവാദം സൃഷ്ടിച്ചതോടെ പ്രതികരണവുമായി ഒല രംഗത്തെത്തി. മതേതര രാഷ്ട്രമായ ഇന്ത്യയെപോലെ, തങ്ങളുടെ സർവീസും മതേതരമാണെന്നും ഉപഭോക്താക്കളെ മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ വേർതിരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഒല വ്യക്തമാക്കി.