കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആദ്യം വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരേ ശ്രീജിത്തിന്റെ കുടുംബം രംഗത്ത്. കോടതിയിൽ ഹാജരാക്കുന്നതിനു മുന്പു ശ്രീജിത്തിനെ വൈദ്യപരിശോധന നടത്തിയ പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരേ അന്വേഷണം നടത്തണമെന്നു ഭാര്യ അഖില ആവശ്യപ്പെട്ടു.
ശ്രീജിത്തിനെ വിശദമായി പരിശോധിക്കാതെ ഡോക്ടർ വെള്ളപ്പേപ്പറിൽ ഒപ്പിട്ടു നൽകുകയായിരുന്നു. ഡോക്ടറുടെ ഭാഗത്തു വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോൾ കൃത്യമായി പരിശോധന നടത്തിയിരുന്നെങ്കിൽ ശ്രീജിത്ത് ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. പരിക്കേറ്റ ശ്രീജിത്തിനെ പരിശോധിക്കാൻ ഡോക്ടർ തയാറാകാതിരുന്നതു ഗുരുതര വീഴ്ചയാണ്. ഡോക്ടറെയും കേസിൽ പ്രതി ചേർക്കണം.
ശ്രീജിത്തിനു വയറുവേദന കലശലായതിനാൽ ഏഴിനു രാവിലെ 8.45ന് വരാപ്പുഴ മെഡിക്കൽ സെന്ററിലും അന്നേദിവസം ഉച്ചകഴിഞ്ഞു പറവൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെന്ന് എസ്ഐ ജി.എസ്. ദീപക്കിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.