വിപണി വിശേഷം / കെ.ബി. ഉദയഭാനു
മില്ലുകാർ കൊപ്ര സംഭരിക്കാൻ മത്സരിക്കുന്നു, വെളിച്ചെണ്ണവില കുതിച്ചു. കുരുമുളക് വീണ്ടും പ്രതിസന്ധിയിൽ. ചുക്കുവിലയിൽ ചാഞ്ചാട്ടം, ഇറക്കുമതി വിലക്കയറ്റത്തിന് ഭീഷണിയാവുന്നു. രാജ്യാന്തര റബർവില നേട്ടത്തിൽ, വ്യവസായികൾ ആഭ്യന്തരനിരക്ക് വീണ്ടും ഇടിച്ച് ചരക്ക് സംഭരിച്ചു. തങ്കവും സ്വർണവും ഈ വർഷത്തെ ഉയർന്ന വില ദർശിച്ചു.
നാളികേരം
നാളികേരക്ഷാമം കൊപ്രയാട്ട് വ്യവസായികളുടെ ഉറക്കം നഷ്ടപ്പെടുത്തി. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള ചരക്കുസംഭരണം അവർ ശക്തമാക്കി. ഉത്പാദനം നേരത്തെ കണക്കുകൂട്ടിയതിനേക്കാൾ കുറയുമെന്ന നിലയിലാണ്. മില്ലുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ കിട്ടുന്ന വിലയ്ക്ക് കൊപ്ര സംഭരിക്കുകയാണ് വൻകിട മില്ലുകൾ.
മാസമധ്യത്തിൽ 12,180 രൂപയിൽ നീങ്ങിയ കൊപ്രയിപ്പോൾ 12,560ലേക്കു കയറി. ഈ വിലയ്ക്കും കാര്യമായി ചരക്ക് കണ്ടെത്താൻ മില്ലുകാർക്കായില്ല. തമിഴ്നാട്ടിൽ നാളികേര വിളവെടുപ്പ് തുടങ്ങിയെങ്കിലും ഉത്പാദനം കഴിഞ്ഞ സീസണിലേക്കാൾ കുറയുമെന്നാണ് ആദ്യസൂചന. ഉത്പാദനത്തിലെ കുറവു മൂലം വെളിച്ചെണ്ണ, കൊപ്ര വിലകൾ മികവു നിലനിർത്തുമെന്ന നിഗനത്തിലാണ് വ്യാപാരികൾ. കൊച്ചിയിൽ എണ്ണവില 18,800 രൂപ.
കുരുമുളക്
കുരുമുളകിന് ആഭ്യന്തര അന്വേഷണങ്ങൾ ചുരുങ്ങിയത് ഉത്പന്നത്തിന് തിരിച്ചടിയായി. വിദേശ ഓർഡറുകളുടെ അഭാവംമൂലം കയറ്റുമതിക്കാർ വിപണിയിൽനിന്നു പിൻവലിഞ്ഞതും വിലയെ ബാധിച്ചു. വില കുറഞ്ഞ വിദേശ മുളകുവരവ് നിയന്ത്രിക്കാൻ നടപടികൾ തുടരുന്നത് വിപണിക്ക് താങ്ങു പകരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ.
രാജ്യാന്തരവിപണിയിൽ മുഖ്യ ഉത്പാദകരാജ്യങ്ങൾ നിരക്കു താഴ്ത്തി മുളക് വില്പനയ്ക്ക് ഇറക്കുന്നതിനാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിരക്ക് വീണ്ടും ഇടിക്കാനുള്ള ശ്രമത്തിലാണ്. വിയറ്റ്നാമും ഇന്തോനേഷ്യയും മുളകുവില്പന നടത്താൻ മത്സരിച്ചു. ബ്രസീൽ ഒക്ടോബറിൽ കയറ്റുമതിക്ക് സജ്ജമാക്കുന്ന ചരക്കിനും ക്വട്ടേഷൻ ഇറക്കുന്നുണ്ട്.
വിദേശ കുരുമുളക് വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനങ്ങൾ വഴി കള്ളക്കടത്തായി ഉത്തരേന്ത്യയിൽ എത്തുന്നത് ആഭ്യന്തര മാർക്കറ്റിലെ വിലക്കയറ്റത്തിനു തടസമുളവാക്കി. വിളവെടുപ്പ് പുരോഗമിക്കുന്ന കർണാടകയിലെ തോട്ടങ്ങളിൽനിന്നുള്ള പുതിയ മുളക് കൂടുതലായി വില്പനയ്ക്കിറങ്ങി.
ഇടുക്കി, വയനാട് ഭാഗങ്ങളിലെ സ്റ്റോക്കിസ്റ്റുകൾ പോയവാരം കാര്യമായി ചരക്ക് വില്പനയ്ക്ക് ഇറക്കിയില്ല. കൊച്ചിയിൽ അണ്ഗാർബിൾഡ് കുരുമുളക് വില 35,700 രൂപയിലും ഗാർബിൾഡ് കുരുമുളക് 37,700 രൂപയിലുമാണ്.
ചുക്ക്
വിദേശ ചുക്ക് ഇറക്കുമതി വർധിച്ചത് നാടൻ ചുക്കിന്റെ മുന്നേറ്റത്തിനു ഭീഷണിയായി. ചൈനീസ് ചുക്ക് ഉത്തരേന്ത്യയിൽ എത്തിയതിനാൽ വാങ്ങലുകാർ ദക്ഷിണേന്ത്യൻ മാർക്കറ്റുകളിൽനിന്നുള്ള ചരക്ക് സംഭരണം നിയന്ത്രിച്ചു. അതേസമയം മികച്ചയിനം ചുക്ക് കയറ്റുമതിക്കാർ ശേഖരിച്ചത് ഉത്പന്നവിലയിൽ ചാഞ്ചാട്ടമുളവാക്കി. വിവിധയിനം ചുക്ക് 12,000-14,000 രൂപയിലാണ്.
ഏലം
ലേലകേന്ദ്രങ്ങളിൽ ഏലക്കവരവ് പതിവിലും ചുരുങ്ങിയത് ഇടപാടുകാരെ വില ഉയർത്തി ചരക്കിന്റെ ലഭ്യത ഉറപ്പുവരുത്താൻ പ്രേരിപ്പിച്ചു. ഏലക്കയുടെ ലഭ്യത ചുരുങ്ങിയത് വിപണിയുടെ അടിയൊഴുക്ക് ശക്തമാക്കി. വാരാരംഭത്തിൽ കിലോ 1148 രൂപ വരെ ഇടിഞ്ഞ വലുപ്പം കൂടിയ ഏലക്ക വാരാന്ത്യം 1326ലേക്കു കയറി.
റബർ
പുതുവർഷത്തിന്റെ ആദ്യ മൂന്നു മാസം പത്തു ശതമാനം വില ഇടിഞ്ഞ രാജ്യാന്തര റബർ വിപണി പോയവാരം തിരിച്ചുവരവിനു ശ്രമിച്ചു. ക്രൂഡ് ഓയിൽ വിലയിലുണ്ടായ മുന്നേറ്റം ഏഷ്യൻ റബർ മാർക്കറ്റുകളിൽ ചലനമുളവാക്കി. എന്നാൽ, വിദേശത്തെ അനുകൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിന് ഉണർവു പകർന്നില്ല.
സംസ്ഥാനത്ത് നാലാം ഗ്രേഡ് റബർ വില 12,000 രൂപയിൽനിന്ന് 11,800 വരെ താഴ്ന്ന ശേഷം വാരാവസാനം 12,000ലേക്ക് കയറി. അഞ്ചാം ഗ്രേഡ് റബർ 11,800 രൂപയിലും ലാറ്റക്സ് 7800 രൂപയിലുമാണ്.
സ്വർണം
കേരളത്തിൽ സ്വർണവില ഈ വർഷത്തെ ഉയർന്ന നിലവാരം ദർശിച്ചു. പവൻ 22,960 രൂപയിൽനിന്ന് 23,280 വരെ ഉയർന്ന ശേഷം ശനിയാഴ്ച 23,200ലാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 2900 രൂപ. ന്യൂയോർക്കിൽ ട്രോയ് ഒൗണ്സ് സ്വർണം 1352 ഡോളർ വരെ കയറിയെങ്കിലും ക്ലോസിംഗിൽ 1335 ഡോളറിലാണ്.