നവാസ് മേത്തര്‍
തലശേരി: പിണറായിയില്‍ രണ്ട് കുട്ടികളുള്‍പ്പെടെ ഒരു കുടുബത്തിലെ നാല് പേര് ചുരുങ്ങിയ കാലയളവിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ മൂന്ന് മാസം മുമ്പ് മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിനിടയില്‍ കുടുംബത്തിലെ നാല് പേരും നാല് ആശുപത്രികളില്‍ വെച്ചാണ് മരണമടഞ്ഞതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.
മാത്രവുമല്ല നാല് പേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായി ഒരാള്‍ തന്നെയാണുണ്ടായിരുന്നതെന്നും വ്യക്തമായിട്ടുണ്ട്. നാല് പേര് മരിച്ച പിണറായി പടന്നക്കരയിലെ കല്ലട്ടി വണ്ണത്താന്‍ വീട്ടില്‍ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയുടെ ഭര്‍ത്താവിനേയും പോലീസ് ചോദ്യം ചെയ്തു.
ഇയാളില്‍ നിന്നും വിലപ്പെട്ട ചില വിവരങ്ങള്‍ കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. സൗമ്യയുമായി ബന്ധമുള്ള രണ്ട് പേര് പോലീസിന്റെ നിരീക്ഷണത്തില്‍ തന്നെയാണുള്ളത്. സൗമ്യയുടെ മൊബൈൽ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഭര്‍ത്താവുമായി ഏറെ നാളായി സൗമ്യ അകന്നു കഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സൗമ്യയുടെ മകള്‍ എട്ടു വയസുകാരി ഐശ്വര്യ കിഷോറിന്റെ മൃതദേഹമാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ അനുമതിയോടെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുക. വീട്ടുപറമ്പില്‍ സംസ്കരിച്ചിട്ടുള്ള മൃതദേഹം പുറത്തെടുത്ത് അവിടെ വെച്ച് തന്നെ പോസ്റ്റ്മോര്‍ട്ടം നടത്താനാണ് നീക്കം.
പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്ജന് ഡോ.ഗോപാലകൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക. ഇതിനു വേണ്ട ഒരുക്കങ്ങള്‍ അന്വേഷണ സംഘം ചെയ്തു കഴിഞ്ഞു. ഐശ്വര്യയുടെ മരണത്തില്‍ ധര്‍മടം പോലീസ് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐശ്വര്യയുടെ ബന്ധുവായ വണ്ണത്താന്‍ വീട്ടില്‍ പ്രജീഷിന്റെ പരാതി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ജനുവരി 21 നാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെച്ച് ഐശ്വര്യ മരണമടഞ്ഞത്. സ്വഭാവിക മരണം എന്ന നിലയിൽ ഐശ്വര്യയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചിരുന്നു.
സൗമ്യയുടെ പിതാവ് വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), മകള്‍ കീര്‍ത്തന (ഒന്നര വയസ്) എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച മറ്റുള്ളവര്‍. കീര്‍ത്തന മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചും ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചും കമല തലശേരി ഗുഡ്ഷെഡ് റോഡിലെ മിഷന് ആശുപത്രിയില്‍ വെച്ചും കുഞ്ഞിക്കണ്ണന് തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
നാല് പേരേയും നാല് ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചതിലും ദുരൂഹതയുണ്ട്. മാത്രവുമല്ല നാല് പേര്‍ക്കും ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായി ഉണ്ടായിരുന്നത് സൗമ്യയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നാല് ആശുപത്രികളിലേയും ചികിത്സാ രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഛര്‍ദ്ദിയും വയറു വേദനയുമായിട്ടാണ് നാല് പേരും ചികിത്സ തേടിയിരുന്നത്.
നാല് പേരും ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത്. കുഞ്ഞിക്കണ്ണന്റേയും കമലയുടേയും മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പുറമെയാണ് ഇപ്പോള്‍ ഒരു കേസു കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതോടെ ഈ സംഭവത്തില്‍ മൂന്ന് കേസുകളാണ് നിലവിലുള്ളത്.
വണ്ണത്താന്‍ വീട്ടിലെ കിണറില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്ന പ്രചാരണം നടത്തുകയും വെള്ളം സ്വന്തം നിലയില്‍ ശേഖരിച്ച് കണ്ണൂരില്‍ കൊണ്ടു പോയി പരിശോധന നടത്തുകയും വെള്ളത്തില്‍ അമോണിയം കലര്‍ന്നിട്ടുണ്ടെന്നും എല്ലാവരും ശ്രദ്ധിക്കണമെന്നും സൗമ്യ പറഞ്ഞിരുന്നതായും നാട്ടുകാര്‍ പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് നിന്നെത്തിയ ഭൂഗര്‍ഭജല വകുപ്പ് പിണറായി പടന്നക്കരയിലെത്തി സൗമ്യയുടെ വീട്ടിലേതുള്‍പ്പെടെ 25 കിണറുകളിലെ വെള്ളം ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും വെള്ളത്തിന് കുഴപ്പമില്ലെന്ന് റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ വെള്ളത്തില്‍ അമോണിയ കലര്‍ന്നിട്ടുണ്ടെന്ന സൗമ്യയുടെ പ്രചാരണത്തിലെ വസ്തുതയും പോലീസ് അന്വേഷിച്ചിട്ടുണ്ട്.
തെളിവുകള്‍ ഓരോന്നായി ശേഖരിച്ചു കൊണ്ടിരിക്കുന്ന പോലീസ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന നെട്ടൂര്‍ സ്വദേശിയായ യുവാവിനെ അന്വേഷണ സംഘം പല തവണ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.
ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച സൗമ്യയെ ഇന്നലെ സെമി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. സൗമ്യക്ക് ആശുപത്രിയില്‍ പോലീസ് കാവല്‍ തുടരുകയാണ്. എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.