തിരുവനന്തപുരം/കോവളം: തിരുവല്ലം പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തിലെ ദൂരൂഹത തുടരുന്നു. കേസിന്റെ അന്വേഷണ ചുമതല തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന് നൽകി സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ഫോറൻസിക് പരിശോധന റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ മാത്രമെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളുവെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒരു മാസത്തിലേറെ മൃതദേഹത്തിന് പഴക്കമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ഫോറൻസിക് പരിശോധനയുടെ റിപ്പോർട്ടിൽ നിന്നും മാത്രമെ അറിയാൻ സാധിക്കുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
അതേ സമയം ലിഗയെ കാണാതായ സംഭവത്തിൽ പോലീസിന്റെ അന്വേഷണം പ്രഹസനമായിരുന്നുവെന്ന നിലപാടിലാണ് ലിഗയുടെ ഭർത്താവ് ആൻഡ്രൂസും സഹോദരി ഇലിസും. ലിഗയുടെ ഭർത്താവും സഹോദരിയും ഇന്ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവളത്ത് നിന്നും ലിഗ പനത്തുറയിലെ കുറ്റിക്കാട്ടിൽ എത്തിയത് ആരെങ്കിലും കൂട്ടി കൊണ്ട് വന്നത് കാരണമാകാമെന്നാണ് ലിഗയുടെ സഹോദരി ആരോപിക്കുന്നത്. ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ കഴിവുള്ള ആരോ ഒരാൾ ഉണ്ടെന്ന സംശയമാണ് ലിഗയുടെ സഹോദരി ഉന്നയിക്കുന്നത്.
അതേസമയം വിദേശ വനിത ലിഗയുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ലിഗ സംഭവസ്ഥലത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായും സൂചന. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ യോഗം ഇന്ന് ചേർന്നതിനുശേഷം റിപ്പോർട്ട് പൊലീസിന് കെെകമാറും.
തിരുവനന്തപുരത്തെ പനത്തുറയിൽ കണ്ടെത്തിയ മൃതദേഹം ലീഗയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത് പ്രധാനമായും മൂന്ന് കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഒന്ന് മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ് മറ്റൊന്ന് മൃതദേഹത്തിനരികിൽനിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും തലമുടിയിലെ സാമ്യവുമാണ് . കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്.
ഇതോടെ ഡി എൻ എ പരിശോധനാ ഫലം പുറത്ത് വരുന്നതിന് മുമ്പേതന്നെ മൃതദേഹം ലിഗയുടേതാണെന്ന് പൊലീസ് ഉറപ്പിച്ചു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണമുൾപ്പടെയുള്ള കാര്യങ്ങൾക്ക് വ്യക്തതയുണ്ടാകു. സംഭവത്തിൽ ഐ ജി മനോജ് എബ്രഹാം അന്വഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും അന്വേഷണം നടത്തുന്ന പൊലീസ് കൊലപാതകമടക്കം എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് ഡി ജി പി പറഞ്ഞു.
ലിഗയുടെ ശരീരത്തിലോ ആന്തരിക അവയവങ്ങളിലോ പരിക്കുകളോ പോറലുകളോ ഏറ്റിട്ടില്ല. എല്ലുകൾക്ക് പൊട്ടലുമില്ല. വിഷം ഉള്ളിൽ ചെന്നാകാം മരിച്ചതെന്നും പൊലീസിന് സംശയമുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷാദ രോഗത്തിന് ചികിത്സയ്ക്കെത്തിയ ലിഗയെ മാർച്ച് 14നാണ് പോത്തൻകോട് നിന്ന് കാണാതാവുകയായിരുന്നു.
വിഷക്കായകൾ ഉള്ള വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നായിരുന്നു മൃതദേഹം കിട്ടിയത്. പക്ഷെ കൊലപാതക സാധ്യതയുണ്ടോ എന്നുള്ളതും പൊലീസ് പരിശോധിക്കുന്നു. ശാസ്ത്രീയ പരിശോധനാഫലത്തിനായാണ് കാത്തിരിപ്പ്. അതേസമയം ലിഗ ആത്മഹത്യ ചെയ്യില്ലെന്ന് എലിസ ഉറച്ച് പറയുന്നു.
അതേസമയം മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കാനും ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നൽകാനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്നും അറിയിച്ചു.