തിരുവനന്തപുരം: കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകുന്നു. തിരുവനന്തപുരം, ആലപ്പുഴ തിരങ്ങളിലാണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇന്നു രാത്രി വരെ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നു ദേശീയ സമുദ്രഗവേഷണ പഠനകേന്ദ്രം അറിയിച്ചിരുന്നു.
രണ്ടര മുതൽ മൂന്നു വരെ മീറ്റർ ഉയരത്തിലുള്ള അതിശക്തമായ തിരമാലയ്ക്കു സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പുലർത്തണമെന്നും സമുദ്രഗവേഷണ കേന്ദ്രം അറിയിച്ചു.
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾ ഇന്നു രാത്രി 11.30 വരെ അതിശക്തമായ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യതയുണ്ടെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു.
തീരത്തോടടുത്താണ് പ്രതിഭാസം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യത. അതിനാൽ ബോട്ടുകൾ തീരത്തുനിന്നു കടലിലേക്കും കടലിൽനിന്നു തീരത്തേക്കും കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.