കോട്ടയം: കളക്ടറേറ്റിനു സമീപം കെ.കെ.റോഡ് സൈഡിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റിന് തീ പിടിച്ച് കോടികളുടെ നഷ്ടം. ഇന്നു പുലർച്ചെ മൂന്നിനാണ് തീപിടിത്തമുണ്ടായത്.ഒന്പതായിട്ടും തീ അണയ്ക്കാനായിട്ടില്ല. കോട്ടയത്തിനു പുറമെ ചങ്ങനാശേരി, പാന്പാടി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി എന്നീ ഫയർസ്റ്റേഷനുകളിൽ നിന്നുള്ള വണ്ടികൾ കൂടി തീയണയ്ക്കാൻ എത്തി. കെ.കെ.റോഡിൽ കളക്ടറേറ്റ് ജംഗ്ഷനിൽ നിന്ന് ബസേലിയസ് കോളജ് ഭാഗത്തേക്കുള്ള വാഹന ഗതാഗതം തടഞ്ഞിരിക്കുകയാണ്.
കളക്ടറേറ്റ് ജംഗ്ഷനിലെ പെട്രോൾ പന്പിന് എതിർവശത്തുള്ള കണ്ടത്തിൽ റസിഡൻസിയിൽ പ്രവർത്തിക്കുന്ന പേ ലെസ് ഹൈപ്പർമാർക്കറ്റിനാണ് തീ പിടിച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
നാലു നിലയിലുള്ള കെട്ടിടത്തിൽ രണ്ടാമത്തെ നിലയിലാണ് ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. മുകളിൽ തുണിക്കടയും അതിനു മുകളിൽ ലോഡ്ജുമാണ്. തീപടർന്നയുടൻ ലോഡ്ജിലെ താമസക്കാരെ ഒഴിപ്പിച്ചു. തറ നിരപ്പിലുള്ള ഭാഗത്ത് ഹോട്ടൽ, കംപ്യൂട്ടർ സ്ഥാപനം, അഭിഭാഷക ഓഫീസ്, തയ്യൽക്കട തുടങ്ങിയവ പ്രവർത്തിക്കുന്നു. മുപ്പത് ജീവനക്കാർ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. തി പിടിത്ത വിവരം അറിഞ്ഞ് ജീവനക്കാർ എത്തിയിട്ടുണ്ട്.
പാലാ പൈക സ്വദേശി ജോഷിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹൈപ്പർമാർക്കറ്റ്. നഷ്ടം അഞ്ചു കോടിയിൽ അധികം വരുമെന്ന് ഉടമ പറഞ്ഞു. തീ പിടിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും ഉടമ പറഞ്ഞു. രാവിലെ എട്ടുമണിക്ക് തുറക്കുന്ന ഹൈപ്പർമാർക്കറ്റ് രാത്രി 11 നാണ് അടയ്ക്കുന്നത്. ഇന്നലെയും പ്രവർത്തനമുണ്ടായിരുന്നു.