ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വീൽചെയറുകളിൽ മിക്കതിനു ടയറുകൾ ഇല്ല. ഇതുമൂലം രോഗികളെ വാർഡുകളിലേക്ക് കൊണ്ടുപോകുവാൻ ബുദ്ധിമുട്ടുന്നു. വാർഡുകളിലേക്കും എക്സറേ, വിവിധ സ്കാനിംഗ് എന്നിവയ്ക്ക് കൊണ്ടു പോകുന്നതിനുള്ള വീൽചെയറുകൾക്ക് ടയറുകൾ ഇല്ലാത്തത് രോഗികൾക്ക് മാത്രമല്ല, തളളിക്കൊണ്ടു പോകുന്ന രോഗികളുടെ ബന്ധുക്കൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ വാർഡുകളിലേക്കും മറ്റുള്ള പരിശോധനകൾക്കും കൊണ്ടുപോകുന്നത് വീൽചെയറുകളിലും സ്ട്രെച്ചറുകളിലുമാണ്. നടക്കുവാൻ കഴിയാതെ ചികിത്സയിൽ കഴിയുന്നവരേയും വിവിധ പരിശോധനകൾക്കായി കൊണ്ടുപോകേണ്ടതും ഉന്തുവണ്ടിയിലാണ്.
എന്നാൽ ടയറുകൾ ഇല്ലാത്തതിനാൽ വീൽചെയറുകൾ പലതും മാറ്റിയിട്ടിരിക്കുകയാണ്. എന്നാൽ അടിയന്തിര ഘട്ടങ്ങളിൽ രോഗിയെ പരിശോധനയ്ക്കു കൊണ്ടുപോകേണ്ടി വരുന്പോൾ ടയർ ഇല്ലാത്ത വീൽചെയറുകൾ നൽകേണ്ടി വരുന്നു. വണ്ടിക്ക് മറ്റ് കുഴപ്പങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ടയർ വാങ്ങി പരിഹരിക്കാവുന്ന പ്രശ്നമേ ഉള്ളൂവെന്ന് ജീവനക്കാർ പറയുന്നു.
ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും ടയർ ഇല്ലാത്തതിന്റെ പേരിൽ ഗോഡൗണിൽ കൂട്ടിയിട്ടിരിക്കുന്നതുമായ വീൽ ചെയറുകൾക്ക് ടയറുകൾ വാങ്ങി നൽകി രോഗികളെ കൊണ്ടു പോകുന്നതിനുള്ള സൗകര്യം ഉണ്ടാക്കണമെന്നാണ് ആവശ്യം.