കോതമംഗലം: വഴിയോരങ്ങളിലെ ജൂസ് കടകളിലെ ശുചിത്വമില്ലായ്മയും കൃത്രിമ രാസവസ്തുക്കൾ കലർത്തുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു. തിരക്കേറിയ പാതയോരങ്ങളിൽ സുലഭമായിട്ടുള്ള കോഴിക്കോടൻ കുലുക്കി സർബത്ത്, കരിന്പിൻ ജൂസ്, തണ്ണിമത്തൻ ജൂസ്, ലസി എന്നിവ നിത്യേന നൂറുകണക്കിനാളുകളാണ് വാങ്ങികഴിക്കുന്നത്.
കടുത്ത വേനൽച്ചൂടിനെ പ്രതിരോധിക്കാൻ ആളുകൾ ഇത്തരം ജൂസ് കടകളെ ആശ്രയിക്കുന്പോഴും ശുചിത്വവും ഗുണനിലവാരവും പരിശോധനയ്ക്കു വിധേയമാക്കാത്ത സാഹചര്യമാണ് നിലവിൽ. റോഡരികിൽ പ്രവർത്തിക്കുന്ന മിക്ക സ്റ്റാളുകളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കുകയോ നിയമാനുസൃത ലൈസൻസോ ഇല്ലാത്തവയാണ്.
പല കൗണ്ടറുകളിലും ജൂസ് നിർമാണത്തിന് ഉപയോഗിക്കുന്നത് മലിനജലമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തമിഴ്നാട്ടിൽനിന്നു ലോഡ് കണക്കിന് കരിന്പെത്തിച്ച് റോഡരികിൽ ശുചിത്വമില്ലാതെ സൂക്ഷിച്ചാണ് ജൂസ് നിർമിക്കുന്നത്. തണ്ണി മത്തൻ ഉൾപ്പടെയുള്ള മറ്റ് ജൂസുകളിൽ മധുരത്തിനും ചെറിയ തോതിൽ ലഹരിക്കുമായി സാക്രിൻ, ഡെൽസിൻ, സൂപ്പർ ഗ്ലോ തുടങ്ങിയ ലഹരി വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ച വരുന്നതായും ആക്ഷേപമുയർന്നിട്ടുണ്ട്.
വീണ്ടും ഇവ കഴിക്കാൻ താൽപര്യം വർധിപ്പിക്കാനാണ് രാസവസ്തുക്കൾ ചേർക്കുന്നതെന്നും പറയപ്പെടുന്നു. ഇങ്ങനെ ഉപയോഗിക്കുന്ന സൂപ്പർ ഗ്ലോ പോലുള്ള രാസവസ്തുക്കൾക്ക് പഞ്ചസാരയേക്കാൾ പതിൻമടങ്ങ് മധുരവും ലഹരിയും ഉള്ളതായും പറയപ്പെടുന്നു. ധാരാളം ചെറുപ്പക്കാരും ഇതര സംസ്ഥാന തൊഴിലാളികളും ഇവയുടെ ഉപഭോക്താക്കളാണ്.
ശുചിത്വമില്ലാത്ത സാഹചര്യവും രാസവസ്തുക്കളുടെ ഉപയോഗവുമെല്ലാം പലപ്പോഴും ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടാറുമില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇത്തരം ജൂസ് കടകളിലേറെയും ജോലി ചെയ്യുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവയിൽ പലതും പ്രവർത്തിക്കുന്നത്.