ന്യൂഡൽഹി: ഉത്തർപ്രദേശ് ഡിജിപിയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കിയ പത്താം ക്ലാസുകാരൻ പിടിയിൽ. ഡിജിപി ഓംപ്രകാശ് സിങ്ങിന്റെ പേരിലുണ്ടാക്കിയ ഈ വെരിഫൈഡ് അക്കൗണ്ടിൽനിന്ന് ഇയാൾ സംസ്ഥാനത്തെ പോലീസുകാർക്ക് നിർദേശങ്ങൾ നൽകിയിരുന്നതായും പോലീസ് വ്യക്തമാക്കി.
തന്റെ സഹോദരനിൽനിന്ന് 45,000 രൂപ തട്ടിയെടുത്തവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് കുട്ടി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത്. ഒരു സുഹൃത്താണ് ഇത്തരത്തിലൊരു ആശയം നൽകിയത്. ഇതിനായി ഡിജിപിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് ട്വിറ്റർ അക്കൗണ്ട് ഉണ്ടാക്കി.
ഇതിലൂടെ ഖൊരക്പുർ ജില്ലാ പോലീസിന് വിദ്യാർഥി നിർദേശങ്ങൾ നൽകുകയും ചെയ്തു. വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയാതെ ഖൊരക്പുർ ജില്ലാ പോലീസ് മേധാവി വഞ്ചനാക്കേസിൽ നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകി. ഇതനുസരിച്ച് വഞ്ചനാ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും 30,000 രൂപയോളം പ്രതിയുടെ സഹോദരന് തിരികെ കൊടുപ്പിക്കുകയും ചെയ്തു.
കേസിൽ തങ്ങൾ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവി ഡിജിപിയെ അറിയിച്ചപ്പോഴാണ് വ്യജ അക്കൗണ്ട് ഡിജിപിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒരു മാസത്തെ അന്വേഷണത്തിനു ശേഷമാണ് അക്കൗണ്ട് ഉടമയെ കണ്ടെത്തിയത്. ഈ അക്കൗണ്ട് ഉണ്ടാക്കിയ ഫോണ് ഖൊരക്പുർ ജില്ലയിലാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉടമയെ കണ്ടെത്തിയപ്പോഴാണ് ഈ ഫോണ് ഉപയോഗിച്ചിരുന്നത് പത്താംക്ലാസ് വിദ്യാർഥിയാണെന്ന് വ്യക്തമായത്.
ജോലി വാഗ്ദാനം ചെയ്ത് തന്റെ സഹോദരനിൽനിന്ന് പണം തട്ടിയെടുത്ത ആൾക്കെതിരെ പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. പോലീസിനെക്കൊണ്ട് കേസിൽ നടപടിയെടുപ്പിക്കാനാണ് ഇത്തരമൊരു തട്ടിപ്പ് നടത്തിയതെന്നും വിദ്യാർഥി പറഞ്ഞു.
പ്രതികളായ വിദ്യാർഥിയെയും സുഹൃത്തിനെയും ശക്തമായ താക്കീത് നൽകി വിട്ടയച്ചതായി ഡിജിപി വ്യക്തമാക്കി.
അവരുടെ ഭാവിയെ ബാധിക്കുമെന്നതിനാൽ കുട്ടികൾക്കെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ഡിജിപി ഓംപ്രകാശ് സിങ് പറഞ്ഞു. ഇനിയും ഇത്തരം വ്യാജ അക്കൗണ്ടുകൾ കണ്ടെത്തിയാൽ പോലീസിനെ അറിയിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.