ഫ്രാങ്കോ ലൂയിസ്
തൃശൂർ: സംസ്ഥാനത്തെ വളം, കീടനാശിനി വ്യാപാരികൾ ജനുവരി മാസത്തോടെ കടകളടച്ചിടേണ്ടിവരും. കേന്ദ്ര സർക്കാർ വളം, കീടനാശിനി വ്യാപാരികൾക്കു നിർബന്ധമാക്കിയ കോഴ്സ് പഠിക്കാൻ 20,000 രൂപ വീതം ഫീസ് വാങ്ങി സർക്കാർ പോക്കറ്റിലിട്ടെങ്കിലും പഠിപ്പിക്കാൻ ആളില്ല.
വളം, കീടനാശിനി വ്യാപാരികൾ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസസ് കോഴ്സ് പാസാകണമെന്നാണു കേന്ദ്ര സർക്കാരിന്റെ നിബന്ധന. വ്യാപാരം നടത്താനുള്ള ലൈസൻസ് കാലാവധി ജനുവരി 31ന് അവസാനിക്കും. കോഴ്സ് പാസായവർക്കു മാത്രമേ ലൈസൻസ് പുതുക്കിക്കൊടുക്കൂ.
കൃഷിരീതികൾ, വളം, കീടനാശിനി എന്നിവയുടെ സവിശേഷതകൾ തുടങ്ങിയവയാണ് ഒരു വർഷം നീളുന്ന കോഴ്സിൽ പഠിപ്പിക്കുക. 48 ഞായറാഴ്ചകളിൽ മാത്രമാണു ക്ലാസ്. കേരളത്തിൽ കേരള കാർഷിക സർവകലാശാലയെയാണു കോഴ്സ് പഠിപ്പിക്കുന്നതിനു ചുമതലപ്പെടുത്തിയത്. എല്ലാ ജില്ലാ ആസ്ഥാനത്തേയും കാർഷിക വിജ്ഞാന കേന്ദ്രങ്ങളിൽ കോഴ്സ് നടത്താനായിരുന്നു പരിപാടി.
ഇതനുസരിച്ചു വളം, കീടനാശിനി വ്യാപാരികൾ വാർഷിക ഫീസായ 20,000 രൂപ വീതം അടച്ചു. സർക്കാരിന്റെ നിർദേശമനുസരിച്ച് “ആത്മ’ യിൽ കഴിഞ്ഞ ഫെബ്രുവരിയിലാണു ഫീസ് അടച്ചത്. ഒരു വർഷത്തോളം നീളുന്ന കോഴ്സ് തുടങ്ങാതായപ്പോൾ പരിഭ്രാന്തരായ വ്യാപാരികളുടെ സംഘടനാ നേതാക്കൾ കേരള കാർഷിക സർവകലാശാല അധികൃതരെക്കണ്ടു കാര്യമന്വേഷിച്ചു.
അങ്ങനെയൊരു കോഴ്സ് നടത്താൻ സർക്കാരോ “ആത്മ’യോ തങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു മറുപടി. ഞായറാഴ്ചകളിൽ ക്ലാസ് നടത്താൻ അധ്യാപകരെ കിട്ടില്ലെന്നും യൂണിവേഴ്സിറ്റിയിലെ അധികൃതർ പറഞ്ഞു. ജൂണ്‍ മാസത്തിൽ കോഴ്സ് തുടങ്ങാനാകുമോയെന്നു നോക്കട്ടെയെന്നാണ് അവാസനത്തെ മറുപടി.
ജൂണ്‍ മാസത്തിൽ കോഴ്സ് തുടങ്ങിയാൽ ജനുവരി മാസത്തിനു മുന്‍പ് പരീക്ഷ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടാനാവില്ല. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കർഷകർക്കു വളവും കീടനാശിനികളും ലഭ്യമാക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടിവരും.