മട്ടന്നൂർ: ഗ്രൂപ്പ് പ്രശ്നത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവ് കോൺഗ്രസ് വിട്ടു സിപിഎമ്മിലേക്ക് പോകുന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി മട്ടന്നൂർ ബ്ലോക്ക് ചെയർമാനുമായ സനോജ് പെരിഞ്ചേരിയാണ് കോൺഗ്രസിൽ നിന്നു രാജിവച്ചു സിപിഎമ്മിലേക്ക് പോകുന്നത്. സുധാകര ഗ്രൂപ്പ് പക്ഷക്കാരനാണ് സനോജ് പെരിഞ്ചേരി.
ഗ്രൂപ്പ് പ്രശ്നമാണ് കോൺഗ്രസ് വിടാൻ കാരണമെന്നാണ് സനോജ് പെരിഞ്ചേരി പറയുന്നത്. യൂത്ത് കോൺഗ്രസ് നേതാവായിരിക്കുമ്പോഴും സംഘടനാ പ്രവർത്തനം നടത്താൻ അനുവദിക്കുന്നില്ലെന്ന കാരണത്താലാണ് പാർട്ടി വിടുന്നതെന്നാണ് സനോജ് പെരിഞ്ചേരി പറയുന്നത്.
നേരത്തെ സിപിഎം പ്രവർത്തകനായിരുന്നു സനോജ് ആറുവർഷം മുമ്പാണ് സിപിഎം വിട്ടു കോൺഗ്രസിൽ ചേർന്നത്. ഇതിനിടെ കഴിഞ്ഞ മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ പെരിഞ്ചേരി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു.
സനോജിനോടൊപ്പം മറ്റു ചില യൂത്ത് കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിടുന്നതായി സൂചനയുണ്ട്. കോൺഗ്രസ് വിട്ടു സിപിഎമ്മിൽ പ്രവർത്തിക്കുന്നതിനു സിപിഎം നേതാക്കളുമായി സംസാരിച്ചതായും സനോജ് പെരിഞ്ചേരി പറഞ്ഞു.