മട്ടന്നൂർ: ഇടവേലിയിൽ സിപിഎം, ആർഎസ്എസ് പ്രവർത്തകരുടെ വീടുകളിൽ അക്രമം. സ്ത്രീകൾ അടക്കം ആറു പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. അക്രമത്തിൽ രാഷ്ട്രീയമില്ലെന്ന് സിപിഎമ്മും പോലീസും. സിപിഎം പ്രവർത്തകനായ ഇടവേലിയിലെ വിനീതിന്റെ വീട്ടിൽ കയറി നാലംഗസംഘം അക്രമം നടത്തുകയും വിനീതിന്റെ അമ്മ സരോജിനി (52)യേയും സരോജിനിയുടെ സഹോദരിയുടെ മകൻ ശരത്തി (30) നെയും ആക്രമിച്ചു.
ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ് എസ് അനുഭാവിയായ ജിബിൻ രാജിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ നടത്തിയ അക്രമത്തിൽ അമ്മ ശ്യാമള (54), ജ്യേഷ്ഠൻ ജബിൻ രാജ് (28) സുഹൃത്ത് നെല്ലൂന്നിയിലെ രഞ്ചിത്ത് (29) എന്നിവർക്ക് പരിക്കേറ്റു. ഇവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രഞ്ചിത്തിനു കൈയ്ക്കു വെട്ടേറ്റതായി പറയുന്നു. ഇന്നലെ രാത്രി 10 ഓടെയാണ് സിപിഎം പ്രവർത്തകന്റെ വീട്ടിൽ അക്രമമുണ്ടായത്. വീടിന്റെ മുൻഭാഗത്തെ ജനൽ ചില്ല് അടിച്ചു തകർക്കുകയും കസേരകളും മറ്റും വലിച്ചെറിയുകയും ചെയ്തു. 8.30 ഓടെയാണ് ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ വച്ചു അക്രമമുണ്ടായത്.
ഇതിനു ശേഷമാണ് സിപിഎം പ്രവർത്തകന്റെ വീട്ടിൽ അക്രമം നടന്നത്. റോഡിലുണ്ടായ തർക്കമാണ് വീടുകളിൽ അക്രമം നടന്നതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസും സിപിഎം നേതാക്കളും അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.