കൊച്ചി: സംസ്ഥാനത്ത് തെരുവുനായശല്യം വർധിച്ചുവരികയാണെന്നും മനുഷ്യജീവന് തെരുവുനായകളേക്കാൾ വിലയുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആക്രമണകാരികളായ തെരുവുനായകളെ പിടികൂടി പള്ളുരുത്തി പോലീസ്സ്റ്റേഷനു മുന്നിൽ കെട്ടിയിട്ട കേസിൽ സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജോസ് മാവേലി, ഡോ. ജോർജ് സ്ലീബ, ബെന്റ്ലി താടിക്കാരൻ എന്നിവർക്കെതിരേ കൊച്ചി കോടതിയിൽ സമർപ്പിച്ച കുറ്റപത്രം സിംഗിൾ ബെഞ്ച് റദ്ദാക്കി.
ധാരാളം ആളുകൾ തെരുവുനായ ആക്രമണത്തിനിരയാകുന്നുണ്ട്. കൊച്ചു കുഞ്ഞുങ്ങളെവരെ തെരുവുനായകൾ കടിച്ചുകീറി കൊല്ലുന്നു. ഇവയുടെ ശല്യമില്ലാതാക്കാൻ ഫലപ്രദമായ മാർഗങ്ങൾ നിലവിലില്ല.
ഇതിനാൽ ജനങ്ങൾക്ക് അവരുടേതായ മാർഗം സ്വീകരിക്കേണ്ടിവരുന്നു. നായകളെ പോലീസ് സ്റ്റേഷനു മുന്നിൽ കെട്ടിയിട്ട കേസിൽ പ്രതികൾ ക്രൂരത കാട്ടിയെന്ന് കോടതി കരുതുന്നില്ല. മനുഷ്യരെ രക്ഷിക്കാനാണ് അവർ ഇതു ചെയ്തതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.