കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് വക ബസ് സ്റ്റാൻഡിന്റെ നവീകരണം കഴിഞ്ഞിട്ടു രണ്ടു മാസമായിട്ടും സ്വകാര്യ ബസുകള്‍ക്ക് തുറന്നുകൊടുക്കാത്തതില്‍ കോഴഞ്ചേരി പൗരസമിതി പ്രതിഷേധിച്ചു. വളരെ തിടുക്കത്തില്‍ കമ്പി നിരത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കാന്‍ കാലതാമസം വരുത്തുന്നതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലായിരിക്കുകയാണ്.
യാത്രക്കാര്‍ക്ക് കയറി നില്ക്കാന് ആധുനിക സൗകര്യങ്ങളോടുകൂടിയ വെയിറ്റിംഗ് ഷെഡാണ് ഷോപ്പിംഗ് കോംപ്ലക്സിനോടനുബന്ധിച്ച് നിര്‍മിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡ് നവീകരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നവീകരിച്ച ബസ് സ്റ്റാൻഡിലേക്കു വാഹന ഗതാഗതം നടത്തുമെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍.
വേനല്‍ മഴ കനത്തതോടുകൂടി താത്കാലികമായി വണ്ടിപ്പേട്ടയില്‍ ഒരുക്കിയ ബസ് ബേയില്‍ കയറുന്ന ബസില്‍ യാത്ര ചെയ്യുന്നതിന് ഒരു തുള്ളി വെള്ളം പോലും പുറത്തുപോകാത്ത തരത്തിലുള്ള കാത്തിരിപ്പു കേന്ദ്രമാണ് ഓലകൊണ്ട് നിര്‍മിച്ചിരിക്കുന്നത്. കനത്ത മഴ തുടര്‍ച്ചയായി പെയ്യുന്നതു കാരണം യാത്രക്കാര്‍ ഏറെ ദുരിതത്തിലുമായിരിക്കുകയാണ്.
വരള്‍ച്ച രൂക്ഷമായാല്‍ വണ്ടിപ്പേട്ടയിലെ താത്കാലിക ബസ് ബേയില്‍ പൊടി ശല്യം രൂക്ഷമാകുകയും മഴയായാല്‍ ചെളിവെള്ളവും കൊണ്ട് യാത്രക്കാര്‍ക്ക് ദുരിതമാണ് അനുഭവം. കൂടാതെ ലക്ഷങ്ങള്‍ സെക്യൂരിറ്റിയും വന്‍ തുക വാടകയും കൊടുത്താണ് ഷോപ്പിംഗ് കോംപ്ലക്സില്‍ വ്യാപാരം ചെയ്യുന്നത്. രണ്ടു മാസമായി ഈ വ്യാപാര സ്ഥാപനങ്ങളില്‍ കച്ചവടം ഇല്ലാത്തത് വ്യാപാരികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.
അടിയന്തരമായി നവീകരിച്ച ബസ് സ്റ്റാൻഡിലേക്ക് ബസ് പാര്‍ക്കിംഗ് ആരംഭിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. പൗരസമിതി പ്രസിഡന്റ് കെ. ആര്. സോമരാജന് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. വര്‍ഗീസ്, റ്റി.റ്റി. മാത്യു, ജെയിംസ് കോഴഞ്ചേരി, റ്റി.കെ. ഗോപാലകൃഷ്ണന്, തോമസ് മാത്യു, വിജയകുമാര്‍, കെ.എ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.ല