മല്ലപ്പള്ളി: കേന്ദ്രസർക്കാർ വർഗീയ കലാപങ്ങൾ അഴിച്ചുവിട്ട് ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. വർഗീയ ഫാസിസത്തിനും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ നടത്തുന്ന ജനമോചനയാത്രയ്ക്ക് മല്ലപ്പള്ളിയിൽ നല്കിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനാധിപത്യത്തിന്റെ അടിത്തറ ആടിയുലയുകയാണ്. വർഗീയ വിദ്വേഷം ആളിക്കത്തുകയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർധിപ്പിച്ച് അവരെ ഭയചകിതരാക്കി തീർക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്. എൽഡിഎഫ് വരും എല്ലാം ശരിയാകും പാലും തേനുമൊഴുകും എന്നൊക്കെ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത് വെറും പാഴ്വാക്കാണെന്നും ഇപ്പോൾ ചോരപ്പുഴയും മദ്യവുമാണ് സംസ്ഥാനത്ത് ഒഴുകി കൊണ്ടിരിക്കുന്നതെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഞങ്ങൾ നടത്തുന്ന ജനമോചനയാത്ര കൊലപാതക രാഷ്ട്രീയത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, കെ.ശിവദാസൻ നായർ എക്സ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, മുൻ ഡിസിസി പ്രസിഡന്റ് മോഹൻരാജ് എന്നിവർ പ്രസംഗിച്ചു.