സിജോ പൈനാടത്ത്
കൊച്ചി: ആറാം മാസം ജനനം, തൂക്കം 550 ഗ്രാം, ഹൃദയത്തിനുൾപ്പടെ ഗുരുതര തകരാറുകൾ. മാസം തികയാതെ പിറന്നു വീണ് ഒരാഴ്ച തികയും മുന്പേ ഹൃദയശസ്ത്രക്രിയ…. ജീവിതത്തിനും മരണത്തിനുമിടയിൽ സങ്കടവഴികളേറെ താണ്ടി ആസിയ മെഹറിൻ എന്ന പെണ്കുഞ്ഞ്…!
സർക്കാർ, സ്വകാര്യ ആശുപത്രികളുടെ കൈകോർക്കലും ആറ്റുനോറ്റു കാത്തിരുന്ന ഒരു ജീവനെ വെറുതെ വിട്ടുനൽകാൻ തയാറാവാതിരുന്ന മാതാപിതാക്കളുടെ കരുതലും അനേകരുടെ പ്രാർഥനയും ഒത്തുചേർന്നപ്പോൾ ആസിയ ജീവിതത്തിലേക്കു ചുവടുവച്ചു.
കേരളത്തിലെ വൈദ്യശാസ്ത്രമേഖലയുടെ അപൂർവനേട്ടങ്ങളിൽ ഇനി ആസിയയുമുണ്ടാകും. ഒരു വർഷം മുന്പാണ് അടിമാലി സ്വദേശികളായ മുഹമ്മദിന്റെയും ഫൗസിയയുടെയും കുഞ്ഞ് മാസം തികയാതെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ജനിച്ചത്.
തൂക്കക്കുറവും രോഗങ്ങളും തിരിച്ചറിഞ്ഞതിനെത്തുടർന്നു തീവ്രപരിചരണ സൗകര്യമുള്ള ആംബുലൻസിൽ കളമശേരി സർക്കാർ മെഡിക്കൽ കോളജിലെത്തിച്ചു. ഇവിടുത്തെ നവജാത ശിശുരോഗ വിദഗ്ധൻ ഡോ പീറ്റർ വാഴയിലിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ.
ദിവസങ്ങൾക്കുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനവും മോശമായി. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലേക്കു മാറ്റി. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ വിജയകരമായ ഹൃദയശസ്ത്രക്രിയ.
കേരളത്തിൽ ആദ്യമായാണ് ഇത്രയും തൂക്കം കുറഞ്ഞ കുഞ്ഞിൽ ഹൃദയശസ്ത്രക്രിയ നടത്തുന്നതെന്നു ഡോ. തോമസ് മാത്യു പറഞ്ഞു. ഈ സമയത്ത് ഒരാളുടെ കൈവിരലിൽ ഒതുങ്ങുന്ന വലുപ്പം മാത്രമായിരുന്നു ആസിയയുടെ കാലിനുണ്ടായിരുന്നത്.
ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. സി. സുബ്രഹ്മണ്യൻ, ഡോ. അന്നു ജോസ്, ഡോ. വി. ബിജേഷ് എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി. ഹൃദയചികിത്സാ വിദഗ്ധരായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് ഏബ്രഹാം എന്നിവരുടെ പിന്തുണയും പ്രോത്സാഹനമായി. ഡ്രൈവറായ മുഹമ്മദിന്റെ കുടുംബത്തിന്റെ സാന്പത്തിക സ്ഥിതി പരിഗണിച്ചു ലിസി ആശുപത്രി പൂർണമായും സൗജന്യമായാണു ഹൃദയശസ്ത്രക്രിയ നടത്തിയത്.
മെഡിക്കൽ കോളജിലായിരുന്നു മാസങ്ങൾ നീണ്ട തുടർപരിചരണം. മറ്റ് ആരോഗ്യപ്രശ്നങ്ങളും ആസിയയെ അലട്ടിയിരുന്നു. മെഡിക്കൽ കോളജിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ആസിയയുടെ ജീവനുവേണ്ടി അർപ്പണബോധത്തോടെ പരിശ്രമിച്ചു.
അപകടഘട്ടം തരണം ചെയ്യുന്നതുവരെ കുഞ്ഞിന്റെ മാതാപിതാക്കൾ ഡോക്ടർമാർക്കു നൽകിയ പിന്തുണയും സ്വാതന്ത്ര്യവും ചികിത്സയിൽ നിർണായകമായി. മാസങ്ങൾ നീണ്ട ചികിത്സകൾക്കും പരിചരണങ്ങൾക്കും കാത്തിരിപ്പിനും ശേഷം ആസിയ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
ഇപ്പോൾ ആസിയയുടെ ശരീരഭാരം അഞ്ചു കിലോഗ്രാമിൽ അധികമാണ്. അവയവങ്ങളെല്ലാം സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. പൂർണ ആരോഗ്യത്തോടെ ആശുപത്രി വിട്ട നാളിൽ ആസിയയുടെ ഒന്നാം പിറന്നാളാഘോഷം മെഡിക്കൽ കോളജിൽ നടന്നു. ലിസി ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. അജോ മൂത്തേടൻ, മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ആർ. ജയശ്രീ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ആശുപത്രികളിലെയും ഡോക്ടർമാരും ജീവനക്കാരും ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തി.