മറ്റത്തൂർ: കുറുമാലിപ്പുഴയിൽ ആറ്റപ്പിള്ളി കടവിനു സമീപം ചീങ്കണ്ണിയെ കണ്ടതായി നാട്ടുകാർ. ആറ്റപ്പിള്ളി പുഴയോരത്തുള്ള പള്ളത്തേരി അനൂപ് സിംഗിന്റെ ജാതിത്തോട്ടത്തിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടത്.
അനൂപിന്റെ ഭാര്യാപിതാവ് നാരായണനാണ് മുക്കാലടിയോളം നീളം വരുന്ന ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടത്. ഇദ്ദേഹം അടുത്തുചെല്ലുന്പോഴേക്കും ചീങ്കണ്ണിക്കുഞ്ഞ് പുഴയിലേക്കു ചാടി.
രണ്ടാഴ്ച മുന്പ് മറ്റൊരാളും ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടിരുന്നു. രണ്ടുമാസം മുന്പ് ഇതേ തോട്ടത്തിൽ ചീങ്കണ്ണിയുടേതെന്നു സംശയിക്കുന്ന ഏതാനും മുട്ടകൾ കണ്ടിരുന്നതായി അനൂപ് സിംഗ് പറഞ്ഞു.
നിരവധിയാളുകൾ കുളിക്കാനിറങ്ങുന്ന ആറ്റപ്പിള്ളിക്കടവിനു സമീപം ചീങ്കണ്ണിയെ കണ്ടെന്ന വാർത്ത പരന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്.