ചാത്തന്നൂർ: സ്വകാര്യ ലാബിലെ ജീവനക്കാരിയായ പെൺകുട്ടിയെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സ്റ്റുഡിയോ ഉടമയായ യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. വെളിനല്ലൂർ മീയന മൈലോട് സിത്താരാ ഹൗസിൽ ജെനിത്ത് (29) ആണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണ, സ്ത്രീത്വത്തെ അപമാനിക്കൽ, പുറകേ നടന്ന് ശല്യപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 19 ന് ഉച്ചക്കാണ് ചിറക്കര ഇടവട്ടം ആയിരവല്ലി ക്ഷേത്രത്തിന് സമീപം താഴവിള പുത്തൻവീട്ടിൽ വിജി (21)യെ ഇത്തിക്കര ആറ്റിൽ പാലത്തിന് സമീപം മരിച്ച നിലയിൽ കാണപ്പെട്ടത്.
കൊട്ടിയത്തെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്ന വിജിയെ 18ന് കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കൊട്ടിയം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് അടുത്ത ദിവസം മൃതദേഹം ആറ്റിൽ കാണപെട്ടത്.
കൊട്ടിയത്തെ ഒരു പെട്രോൾ പമ്പിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിൽ ഇയാൾ അറസ്റ്റിലാകാൻ കാരണമാക്കിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പതിനെട്ടിന് വൈകുന്നേരം കൊട്ടിയം സിതാര ജംഗ്ഷന് സമീപത്തെ പെട്രോൾ പമ്പിൽ പെട്രോൾ നിറക്കാനെത്തിയ വിജിയുടെ സ്കൂട്ടറിന്റെ താക്കോൽ പിടിയിലായ ജെനിത്ത് ഊരിയെടുത്തു. ജെനിത്തും വി ജിയുമായി നേരത്തേ അടുപ്പത്തിലായിരുന്നു.
വിജിയുടെ വിവാഹം മേയ് 18ന് നടത്താൻ വീട്ടുകാർ തീരുമാനിച്ചു. ഇതേ തുടർന്ന് ജെനിത്തുമായുള്ള ബന്ധം യുവതി ഉപേക്ഷിച്ചു. ഇതിനാലാണ് പമ്പിലെത്തി സ്കൂട്ടറിന്റെ താക്കോൽ ഊരിയെടുത്തത്. താക്കോൽ ഊരിയെടുത്ത ശേഷം വിജിയെ ഇയാൾ ബൈക്കിൽ കയറ്റി അടുത്തുള്ള ക്ഷേത്രത്തിനടുത്തു കൊണ്ടുപോയി സംസാരിച്ചെങ്കിലും ഇയാളോട് അടുപ്പം കാണിക്കാൻ വിജി തയാറായില്ല.
സ്കൂട്ടറിന്റെ താക്കോൽ തിരികെ നൽകുവാൻ ഇയാൾ തയാറാകാത്തതിനെ തുടർന്ന് താക്കോൽ തന്നില്ലെങ്കിൽ എന്നെ ഇനി ആരും കാണില്ലെന്ന് പറഞ്ഞു കൊണ്ട് വിജി ഇത്തിക്കര ഭാഗത്തേക്ക് ബസ് കയറി പോയി.
പിന്നീട് ആറരക്കും ഏഴിനും ഇടയിൽ ആറ്റിൽ ചാടിയതായാണ് പോലീസ് കരുതുന്നത്. പെൺകുട്ടിയെ ആറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ട ദിവസം രാവിലെ പെൺകുട്ടി ജോലി ചെയ്യുന്ന ലാബിലേക്ക് ഫോൺ ചെയ്ത് പെൺകുട്ടി ജോലിക്ക് വന്നിട്ടുണ്ടോ എന്ന് ജെനിത്ത് അന്വേഷിച്ചിരുന്നു.
വന്നിട്ടില്ലെന്നറിഞ്ഞ് പെൺകുട്ടിയുടെ സ്കൂട്ടറിൽ ഇത്തിക്കരയിലെത്തിയപ്പോൾ പെൺകുട്ടിയുടെ ബന്ധുക്കൾ പാലത്തിനടുത്ത് നിൽക്കുന്നത് കണ്ടതിനെ തുടർന്ന് സ്കൂട്ടർ അവിടെ വച്ച ശേഷം മുങ്ങുകയായിരുന്നു. തുടർന്ന് മൂവാറ്റുപുഴ, എറണാകുളം ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പൂയപ്പള്ളിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
മിയനയിൽ സ്റ്റുഡിയോ നടത്തി വരികയായിരുന്നു. ചാത്തന്നൂർ എസിപി ജവഹർ ജനാർദിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിന് കൊട്ടിയം ഇൻസ്പെക്ടർ അജയ് നാഥ്, എസ്ഐമാരായ അനുപ്, തൃദീപ് ചന്ദ്രൻ, സുന്ദരേശൻ എന്നിവർ നേതൃത്വം നൽകി.