കോഴിക്കോട്: പോസ്റ്റോഫീസുകള്‍ ആധുനിക വല്കരണത്തിന്റെപാതയിലാണ്… പക്ഷെ അതൊന്നും ഗോവിന്ദപുരത്തെ പോസ്റ്റോഫീസ് അധികൃതര്‍ അറിഞ്ഞമട്ടില്ല… മുപ്പത്തിയഞ്ച് വര്‍ഷത്തോളമായി ഗോവിന്ദപുരത്ത് ഈ പൊതുമേഖല സ്ഥാപനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ടും വൈദ്യുതി കണക്ഷന് പോലുമില്ലാത്ത ഒരു കൊച്ചുമുറിയില്‍ വിങ്ങി അമരുകയാണ് ഇവിടുത്തെ ‘കത്തു’കളും ജീവനക്കാരും.
ഓരോ പ്രദേശത്തും പ്രസ്തുത സ്ഥലങ്ങളിലെ പോസ്റ്റ് മാസ്റ്റര്‍മാരാണ് പോസ്റ്റോഫീസ് പ്രവര്‍ത്തിക്കാനായി കെട്ടിടം കണ്ടത്തേണ്ടത്.എന്നാല്‍ ഡിപാര്ട്ട്മെന്റ്ല് നിന്നും വാടകയിനത്തില്‍ നല്‍കുന്നത് വെറും നൂറ് രൂപ. ഏതൊരു ചെറിയ കെട്ടിടത്തിനും ചുരുങ്ങിയത് 2000 രൂപയെങ്കിലും കൊടുക്കേണ്ടതായിട്ടുണ്ട്. ആ സ്ഥലത്താണ് ഇത്ര തുച്ഛമായ തുക.
ഗോവിന്ദപുരത്തെ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത് വായനശാലയ്ക്ക് സമീപത്തെ ജംഗ്ഷനിലെ പഴകിയ ഒരു ഇരുനില കെട്ടിടത്തിന്റെ താഴത്തെ മുറിയിലാണ്. ഇവിടെവൈദ്യുതി കണക്ഷന് ഇല്ല. മൂന്ന് ജീവനക്കാരാണ് ഇവിടെയുളളത്. എന്നാല്‍ മൂന്ന് പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ആ മുറിയിലില്ല. ഇവിടെ ആകെയുള്ളത് രണ്ട് മേശ, മൂന്ന് കസേര.
ഈ മേശപ്പുറത്ത് തന്നെയാണ് കത്തുകളും കൊറിയറുകളും ബാഗുകളും മറ്റുമെല്ലാംവെക്കുന്നത്. വേനല്‍കാലത്ത് ഇതിനകത്ത് ഇരിക്കുക എന്നത് അസഹനീയമായ കാര്യമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. മറ്റൊരു കെട്ടിടത്തിനായി ഒരുപാട് ശ്രമിക്കുന്നുണ്ട്. എന്നാല്‍ നല്ലൊരു കെട്ടിടം വാടകയ്ക്ക് തരാന്‍ പ്രദേശവാസികള്‍ തയ്യാറാകുന്നില്ല. സ്റ്റേഷന്‍മാസ്റ്ററും ജീവനക്കാരും പലരേയും സമീപിച്ചിട്ടുണ്ടെങ്കിലും ആരും സഹകരിച്ചില്ലെന്നാണ് ജീവനക്കാര്‍പറയുന്നത്. സമീപത്തെ
വായനശാല കെട്ടിടവും ക്ലബ്ബ് കെട്ടിടങ്ങളും ഉണ്ടെങ്കിലും ഇവ ഒന്നും പോസ്റ്റോഫീസ് പ്രവർത്തനത്തിനായി നല്കാന് തയാറാകുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഗവ.ഐടിഐ, വായനശാല ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള കത്തുകള്‍ ഒരുപാടുണ്ട്. കെട്ടിടത്തിലെ സ്ഥല പരിമിതിയാണ് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
കേസില്‍ പെട്ടിരിക്കുന്നത് കാരണം ഇപ്പോഴത്തെ കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കേണ്ട അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പലതവണ വന്നിട്ടുണ്ടെങ്കിലും ഇതിനൊരു പ്രതിവിധി ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജീവനക്കാര്‍ പറയുന്നു.സമാധാനപരമായി ജോലി ചെയ്യാനായി ഒരു കെട്ടിടമാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.