വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള ഒരു നഴ്‌സിന്റെയും കരുതലുള്ള അമ്മയുടെയും രൂപ ഭാവങ്ങള്‍ ആയിരുന്നു ആ കണ്ടക്ടര്‍ക്ക് പിന്നീട്! കെഎസ്ആര്‍ടിസി ബസിലെ അനുഭവം പങ്കുവച്ച് കോട്ടയം സ്വദേശിനി

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട അനേകം കഥകളും അനുഭവങ്ങളും ആളുകള്‍ പങ്കവുയ്ക്കാറുണ്ട്. പലര്‍ക്കും കെഎസ്ആര്‍ടിസി എന്നത് ഗൃഹാതുരസ്മരണകള്‍ നല്‍കുന്ന ഒന്നുകൂടിയാണ്. കെഎസ്ആര്‍ടിസിയോടുള്ള യാത്രക്കാരുടെ സ്‌നേഹം വെളിപ്പെടുന്ന സംഭവമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ചര്‍ച്ചയായത്.

ബസിനെ ചങ്കായി കണക്കാക്കി സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത അക്കൂട്ടത്തില്‍ ഒന്നായിരുന്നു. ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ വച്ച് താന്‍ സാക്ഷിയായ ഒരു സംഭവം വിവരിച്ചുകൊണ്ടുള്ള കോട്ടയം സ്വദേശനി ഷാലറ്റ് ടോം സിജോയുടെ പോസ്റ്റാണ് നിലവില്‍ വൈറലായിരിക്കുന്നത്.

ഷാലറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

#KSRTCKeralaStateRoadTransportCorporation.
#TravelDiary
#KL15JN46,8778
#HatsofYouMadam.

കഴിഞ്ഞ വെള്ളിയാഴ്ച (20/04/2018 )എറണാകുളം തിരുവനന്തപുരം ( കോട്ടയം വഴി ) റൂട്ടില്‍ ഓടുന്ന എസി ലോ ഫ്േളാര്‍ ബസില്‍ (KL 15 , JN 46 , 8778 ) 3.45 pm ന് ഞാന്‍ ത്രിപ്പൂണിത്തറയില്‍ നിന്ന് കയറി. കുറച്ചു സമയം നിന്ന ശേഷം വൈക്കം എത്തിയപ്പോള്‍ ബസിന്റെ മുന്‍ഭാഗത്തുള്ള ഒരു സീറ്റ് ലഭിച്ചു.

യാത്ര മുന്നോട്ട് നീങ്ങവേ ബസിന്റ മധ്യഭാഗത്ത് ഇരുന്ന ഒരു ചേട്ടന്‍ കണ്ടക്ടറോട് അദ്ദേഹത്തിന്റ പിറകില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്ക് വയ്യ ( ലോ ഫ്‌ലോര്‍ ബസിന്റ മധ്യ ഭാഗത്ത് 3 സിംഗിള്‍ സീറ്റുകള്‍ ഉണ്ട്. അതില്‍ ഒന്നില്‍ ആയിരുന്നു കുട്ടി ഇരുന്നത്) എന്നു പറഞ്ഞു.

ഉടന്‍ തന്നെ കണ്ടക്ടര്‍ കുട്ടിയുടെ അടുത്ത് എത്തി. നോക്കുമ്പോള്‍ കുട്ടി ഛര്‍ദ്ദിച്ചിട്ടുണ്ട്. കൈയ്യിലിരുന്ന ഹാന്‍ഡ് ബാഗിലും, വസ്ത്രത്തിലും,പരിസരത്തും എല്ലാം ഛര്‍ദ്ദി വീണിട്ടുമുണ്ട്. ഉടന്‍ തന്നെ കണ്ടക്ടര്‍ ടൌവ്വല്‍ എടുത്ത് തുടക്കാന്‍ കൊടുത്തു.

പിന്നീട് അവിടെ കണ്ടത് ഒരു ലേഡി കണ്ടക്ടറെ ആയിരുന്നില്ല,മറിച്ച് വര്‍ഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള ഒരു നഴ്‌സിനെയും കരുതല്‍ ഉള്ള ഒരു അമ്മയുടെയും രൂപ ഭാവങ്ങള്‍ ആയിരുന്നു. വെള്ളം എടുത്ത് കുടിക്കാന്‍ നല്‍കി.ബാഗ് മാറ്റി വച്ചു.

ഒരു ചെറിയ കവറും നല്‍കി. ഇടക്കുള്ള സ്റ്റോപ്പില്‍ നിന്ന് ആള്‍ക്കാര്‍ കയറുമ്പോള്‍ ‘ പെട്ടന്നുറങ്ങിപ്പോയ കണ്ടക്ടര്‍ ‘ വീണ്ടും ഉയര്‍ത്തെണീറ്റു. ശേഷം വീണ്ടും കുട്ടിയുടെ അടുത്തേക്ക്. അപ്പോഴേക്കും ആ കവര്‍ നിറഞ്ഞിരുന്നു. ഉടന്‍ ബസ് നിര്‍ത്തി അത് വാങ്ങി പുറത്ത് കളഞ്ഞു , വീണ്ടും യാത്ര തുടര്‍ന്നു. അപ്പോഴേക്കും അവള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു. പിന്നെ ആ സീറ്റില്‍ നിന്ന് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുത്തി .

ബാഗുകളും മാറ്റി വച്ചു നല്‍കി . ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും , എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരുവാണങ്കില്‍ പറയണമെന്നും പറഞ്ഞ് വീണ്ടും കണ്ടക്ടര്‍ ജോലിയിലേക്ക്. ജോലിക്കിടയിലും ചെറിയൊരു നോട്ടം ആ കുട്ടിയുടെ അടുത്തേക്ക് പായുന്നത് കാണാമായിരുന്നു.

ഇടക്കിടക്ക് വെള്ളം കൊണ്ടുപോയി നല്‍കുകയും ബുദ്ധിമുട്ട് ഉണ്ടോയെന്ന് ചോദിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട് വീട്ടില്‍ വിളിക്കുവാന്‍ സഹായിക്കുകയും ചെയ്തു.

ബസ് സംക്രാന്തി( മെഡിക്കല്‍ കോളേജ് ബസ് സ്റ്റോപ്പ്,കോട്ടയം ) എത്താറായപ്പോഴേക്കും ആ കുട്ടിയുടെ വീട്ടില്‍ നിന്നും ആളെത്തുകയും അവിടെ ഇറക്കിവിടുകയും ചെയ്തു. അതേ സ്റ്റോപ്പില്‍ തന്നെ ഇറങ്ങി ഞാനും യാത്ര തുടര്‍ന്നു.

വൈക്കം മുതല്‍ സംക്രാന്തി വരെ അവരൊരു അമ്മയും നേഴ്‌സും കണ്ടക്ടറും ആയിരുന്നു. പ്രസന്നമായ മുഖത്തോടെ ജോലി ചെയ്യുന്ന തികഞ്ഞ കര്‍മ്മധാരി. മാഡം നിങ്ങളെപ്പോലെയുള്ളവരെയാണ് സമൂഹത്തിന് ആവശ്യം. ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെപ്പോലെയുള്ളവരുടെ സേവനമാണ്. നിങ്ങളെപ്പോലെയുള്ളവരുടെ മാത്രം സേവനം.

Salute you Madam.

Related posts