ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിൽ കാൽനടയാത്ര ക്കാർക്കിടയിലേക്ക് വാൻ ഓടിച്ചുകയറ്റി പത്തുപേരെ കൊലപ്പെടുത്തിയ പ്രതി അലെക് മിനാഷ്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. ആക്രമണം നടത്തുന്നതിന് ഏതാനും മിനിറ്റുകൾ മുന്പാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഇൻസെൽ റിബെല്ലൻ (incel rebellion) എന്ന വാക്കും ഇയാളുടെ പോസ്റ്റിലുണ്ട്. പ്രണയതകർച്ചയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദത്തിന്റെ ചുരുക്കെഴുത്താണിതെന്ന് പോലീസ് പറയുന്നു.
ഇയാൾക്ക് സ്ത്രീകളോട് വിരോധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളായതിനാലാണ് പോലീസ് ഇത്തരത്തിൽ സംശയിച്ചത്. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നു കനേഡിയൻ അധികൃതർ പറഞ്ഞു.
ഫിഞ്ച് അവന്യുവിനും ഷെപ്പേഡ് അവന്യുവിനും ഇടയിലുള്ള യോംഗെ സ്ട്രീറ്റിൽ പ്രാദേശികസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. വാടകയ്ക്കെടുത്ത വെളുത്ത വാനിൽ പാഞ്ഞെത്തിയ അക്രമി നടപ്പാതയിലേക്ക് ഓടിച്ചുകയറ്റി കണ്ണിൽക്കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടു കിലോമീറ്ററോളം അക്രമം തുടർന്നു. ഇടിയേറ്റ് വായുവിലേക്ക് ആളുകൾ തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു.
അര മണിക്കൂറിനുശേഷമാണ് അക്രമിയെ കീഴ്പ്പെടുത്താൻ പോലീസിനു കഴിഞ്ഞത്. വാനിനു പുറത്തേക്കിറങ്ങി തോക്കു ചൂണ്ടി “എന്നെ കൊല്ലൂ’’ എന്ന് അക്രമി ആക്രോശിച്ചെങ്കിലും പോലീസ് സംയമനം പാലിച്ചു. തോക്കു ചൂണ്ടിയിട്ടും അക്രമിയെ വകവരുത്താതെ കീഴ്പ്പെടുത്തിയ പോലീസിന്റെ നടപടി പ്രശംസാർഹമായി.
വടക്കൻ ടൊറന്റോ പ്രാന്തത്തിലെ റിച്ച്മണ്ട് ഹിൽ സ്വദേശിയാണു മിനാഷ്യാൻ. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമോ, തീവ്രവാദ സംഘടനകളുമായി ബന്ധമോ ഇല്ല.മാനസികമായി ഭിന്നശേഷി നേരിടുന്ന വിദ്യാർഥികൾക്കായുള്ള സ്കൂളിൾ മിനാഷ്യൻ പഠിച്ചിരുന്നു. സുഹൃത്തുക്കളില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് അക്കാലത്തു നയിച്ചിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു.
എന്നാൽ ഇയാളിൽ അക്രമവാസന ഒട്ടുംതന്നെയില്ലായിരുന്നുവെന്നും സഹപാഠികൾ ഓർമിച്ചു.അക്രമം നടന്ന സ്ഥലത്തിനടുത്തുള്ള ഒരു കോളജിലും മിനാഷ്യൻ പഠിച്ചിരുന്നതായി സൂചനയുണ്ട്.മരിച്ചവരിൽ രണ്ടു പേർ തങ്ങളുടെ പൗരന്മാരാണെന്നു ദക്ഷിണകൊറിയ അറിയിച്ചു.