കോട്ടയം: കളക്ടറേറ്റിനു സമീപത്തെ ബഹുനില മന്ദിരത്തിലെ തീ പിടിത്തത്തിലെ യഥാർഥ കാരണം ഉടനെ അറിയാം. തിരുവനന്തപുരത്തു നിന്നുള്ള സയന്റിഫിക് വിദഗ്ധരും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും സംയുക്തമായി ഇന്നു പരിശോധന നടത്തി. ഇവരുടെ പരിശോധനാ റിപ്പോർട്ടിൽ തീ പിടിത്തത്തിന്റെ യഥാർഥ കാരണം വ്യക്തമാവും.
അതേ സമയം അട്ടിമറിയാണെന്നു സംശയിക്കുന്ന ചില തെളിവുകൾ പോലീസിന് ലഭിച്ചു. ഇത് വിശദമായ അന്വേഷണത്തിന് വിധേയമാക്കും. അതിനു ശേഷമേ കത്തിച്ചതാണോ അതോ കത്തിയതാണോ എന്നു വ്യക്തമാവുകയുളളൂ.
തീ പിടിത്തത്തിൽ പൂർണമായി കത്തി നശിച്ച ഹൈപ്പർ മാർക്കറ്റ് ഉടമയുമായി വൈരാഗ്യമുള്ള മൂന്നു പേരുടെ മൊബൈൽ കോൾ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ഒരാൾ ബ്ലേഡ് മാഫിയ ബന്ധമുള്ളയാളും മറ്റൊരാൾ മെഡിക്കൽ ഷോപ്പുടമയുമാണ്. മൂന്നാമത്തെയാൾ ഹൈപ്പർമാർക്കറ്റ് ഉടമയുടെ അകന്ന ബന്ധുവാണ്.
പാലാ സ്വദേശിയായ ഇയാൾ തീ പിടിത്തം നടന്നയുടനെ വിളിച്ച് കളിയാക്കിയെന്നാണ് ഉടമ പോലീസിന് മൊഴി നല്കിയത്. പാലാ സ്വദേശിയും ഹൈപ്പർമാർക്കറ്റ് ഉടമയുമായി നേരത്തേ പണം ഇടപാട് ഉണ്ടായിരുന്നതായി പറയുന്നു. ഇയാളോട് ഇന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നല്കിയിട്ടുണ്ട്.
തീ പിടിത്തമുണ്ടായി രണ്ടു ദിവസം പിന്നിട്ടിട്ടും വ്യക്തമായ കാരണം കണ്ടെത്താനാകാത്തത് ദുരൂഹത വർധിപ്പിക്കുന്നു. തീപിടിത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കെഎസ്ഇബി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സംഭവത്തിനു പിന്നിൽ അട്ടിമറിയുണ്ടോയെന്ന സംശയമുയർത്തി അഗ്നിക്കിരയായ കണ്ടത്തിൽ റസിഡൻസിയിലെ പേ ലെസ് ഹൈപ്പർമാർക്കറ്റിലെ ഉടമ പാലാ പൈക കാരാങ്കൽ ജോഷി പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ഉൗർജിതമാക്കിയത്.
അപകടകാരണം തേടി ഇന്നലെ രാവിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം തെളിവുകൾ ശേഖരിച്ചു. പുകപടലങ്ങൾ നിറഞ്ഞതിനാൽ പ്രാഥമികപരിശോധന നടത്തിയശേഷമാണ് സംഘം മടങ്ങിയത്. വിശദമായ പരിശോധനകൾ ഇന്നും നടത്തി.
അതേ സമയം വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് തീ പിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. ഹൈപ്പർമാർക്കറ്റിലെ സിസിടിവി കാമറകൾ നശിച്ചെങ്കിലും ഹാർഡ് ഡിസ്ക് പരിശോധിക്കാൻ പോലീസ് ഏർപ്പാട് ചെയ്തിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.