തിരുവനന്തപുരം: വിദേശ വനിത ലിഗ മരിച്ചത് ശ്വാസം മുട്ടിയാണെന്ന് മെഡിക്കൽ കോളജാശുപത്രിയിലെ ഫോറൻസിക് വിദഗ്ധർ. കൊലപാതക സാധ്യത തള്ളിക്കളയാനാകില്ലെന്ന നിഗമനത്തിലാണ് ഫോറൻസിക് വിദഗ്ധരും പോലീസും നൽകുന്ന സൂചന. കൂടുതൽ കാര്യങ്ങൾ രാസപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ അറിയാൻ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം വിദേശ വനിത ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്നും കണ്ടില്ലെന്നുമുള്ള മൊഴികൾ പോലീസിന് ലഭിച്ചു. മൊഴി നൽകിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. ഏതാനും നാളുകൾക്ക് മുൻപ് ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്രദേശത്ത് മീൻപിടിക്കാൻ എത്തിയ മൂന്ന് യുവാക്കളാണ് പോലീസിൽ മൊഴി നൽകിയത്. കേട്ടറിവ് വച്ചാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്നും തങ്ങൾ നേരിൽകണ്ടിട്ടില്ലെന്നും യുവാക്കൾ പോലീസിനോട് പറഞ്ഞു.
യുവാക്കൾ പേര് പറഞ്ഞ സത്രീയോട് പോലീസ് ഇക്കാര്യം ചോദിച്ചപ്പോൾ താൻ കണ്ടിട്ടില്ലെന്നും യുവാക്കളോട് അങ്ങനെ പറഞ്ഞിട്ടില്ലെന്നുമാണ് സ്ത്രീ മൊഴി നൽകിയത്. പരസ്പര വിരുദ്ധമായ മൊഴികളിൽ വ്യക്തത വരുത്താൻ പോലീസ് യുവാക്കളെയും സ്ത്രീയെയും വിശദമായി ചോദ്യം ചെയ്യുകയാണ്. അതേ സമയം ആ പ്രദേശം കേന്ദ്രമാക്കി ചീട്ടുകളിയും മദ്യപാനവും നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ലിഗ എങ്ങനെയാണ് പനത്തുറക്ക് സമീപത്തെ പൊന്തക്കാട്ടിൽ എത്തിയത് , ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നുവോ, ലിഗയുടെ മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ചെരിപ്പ് ആരുടേത് എന്നിവയാണ് പോലീസ് അന്വേഷിക്കുന്ന പ്രധാന കാര്യങ്ങൾ. കൂടാതെ ലിഗയുടെ സഹോദരി ഉന്നയിച്ച ആരോപണങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.
തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ്, ഡിസിപി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ലിഗയുടെ മരണത്തിലെ ദുരൂഹതകളെക്കുറിച്ച് അന്വേഷിക്കുന്നത്.