നടനും സംവിധായകനുമായ ജോയ് മാത്യു പുറത്തിറക്കുന്ന അങ്കിളിന്റെ ട്രെയിലറും ടീസറും പുറത്തുവന്നപ്പോള്‍ മുതല്‍ വിവാദങ്ങളുടെ പെരുമഴയാണ്. ഇത് കോപ്പിയടിയാണെന്ന് പറഞ്ഞ് ചിലര്‍ ജോയ് മാത്യുവിന് തന്നെ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. എന്റെ കഥയാണ്.
ഞാന്‍ എഴുതി കൊണ്ടിരിക്കുന്ന കഥയാണ്, അല്ലെങ്കില്‍ ഞാന്‍ എഴുതാന്‍ പോകുന്ന കഥയാണ് എന്നൊക്കെയായിരുന്നു വാദഗതികളെന്ന് ജോയ് മാത്യു തന്നെ പറയുകയും ചെയ്തു.
എന്നാല്‍ അതേക്കുറിച്ച് ജോയ് മാത്യു പറഞ്ഞതിങ്ങനെയാണ്.. മൂന്ന് വ്യക്തികളാണ് എന്നോട് വന്ന് അവകാശം പറഞ്ഞിരിക്കുന്നത്. അവരോട് ഞാന്‍ ഒരു വെല്ലുവിളി നടത്തിയിട്ടുണ്ട്. അവരുടെ കഥയുടെ ക്ലൈമാക്സ് എഴുതി ഏതെങ്കിലും പത്രം ഓഫീസില്‍ ഏല്‍പിക്കുക.
എന്നിട്ട് അങ്കിള്‍ പുറത്തിറങ്ങുമ്പോള്‍ അത് അവരുടേതിന് സമാനമാണെങ്കില്‍ ഞാന്‍ അവര്‍ക്ക് ശിഷ്യപ്പെടാം. ഈ പണിയും അവസാനിപ്പിക്കാം. മാത്രമല്ല, സിനിമയില്‍ നിന്ന് എനിക്ക് കിട്ടുന്ന പ്രതിഫലം കൊടുക്കാം. എന്നാല്‍ ഇതിനുശേഷം ആരും അവകാശവാദവുമായി എത്തിയിട്ടില്ല.
ഇതിനെല്ലാം പുറമേ, ജോയ് മാത്യു പറയുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് തന്റെ നയം ജോയ് മാത്യു വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ഈ സിനിമയില്‍ ഞാന്‍ മൂന്നു തരത്തില്‍ ജോലിയെടുത്തിട്ടുണ്ട്.
കഥ,തിരക്കഥ,സംഭാഷണം പിന്നെ അഭിനയം. അതും പോരാഞ്ഞ് നിര്‍മ്മാണവും ഞാന്‍ തന്നെ- ഇതൊരു കൈവിട്ട കളിയാണെന്നറിയാം. എന്നാലും സിനിമ കണ്ടശേഷം ഞാന്‍ ഏത് പണി നിര്‍ത്തണം, ഏത് തുടരണം എന്ന് കൂടി നിങ്ങള്‍ പറഞ്ഞുതരണം എന്നപേക്ഷ. ഏതായാലും അങ്കിള്‍ എന്ന സിനിമ ഇനിയും ചര്‍ച്ച ചെയ്യപ്പെടും എന്ന് ചുരുക്കം.