കൊച്ചി: മകളെ കാണാതായെന്നുള്ള അമ്മയുടെ പരാതി പ്രകാരം കേസ് അന്വേഷിച്ചു കുട്ടിയെ കണ്ടെത്തുകയും തുടർന്ന് മറ്റൊരു സ്ത്രീയോടൊപ്പം കുട്ടിയെ പറഞ്ഞയച്ച സംഭവത്തിൽ ആക്ഷേപം ഉയരുന്നു. പോലീസ് പറയുന്ന കാര്യവും പരാതിക്കാരിയായ അമ്മ പറയുന്ന കാര്യങ്ങളും തമ്മിൽ ചേർച്ചയുണ്ടാവാത്തതാണ് ആക്ഷേപങ്ങൾക്കു കാരണം.
18 വയസ് കഴിഞ്ഞ വെണ്ണല സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായെന്നു പാലാരിവട്ടം പോലീസിൽ കുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കലൂരിൽനിന്നു കുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. എന്നാൽ, മറ്റൊരു സ്ത്രീക്കൊപ്പം പോകണമെന്നാണു കുട്ടി മജിസ്ട്രേറ്റിന്റെ മുന്നിൽ പറഞ്ഞത്.
ഇതനുവദിച്ച ഉത്തരവ് പ്രകാരമാണ് പെണ്‍കുട്ടിയെ മറ്റൊരു സ്ത്രീക്കൊപ്പം വിട്ടതെന്നു പോലീസ് പറയുന്നു. ഇതു ചോദിക്കാനെത്തിയ തങ്ങളോടു പോലീസ് മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയായ അമ്മയും കാണാതായ പെണ്‍കുട്ടിയുടെ ചേച്ചിയും ആരോപിക്കുന്നത്.
സംഭവം അറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നലെ സ്റ്റേഷൻ ഉപരോധിച്ചു. കാര്യങ്ങൾ കൂടുതൽ പ്രശ്നങ്ങളിലേക്കു നീങ്ങിയതോടെ തൃക്കാക്കര എംഎൽഎ പി.ടി. തോമസ്, ഹൈബി ഈഡൻ എംഎൽഎ എന്നിവർ സ്ഥലത്തെത്തി പോലീസുമായി ചർച്ച നടത്തി.
മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമുള്ള കാര്യങ്ങൾ മാത്രമാണ് തങ്ങൾ ചെയ്തതെന്നു പോലീസ് വിശദീകരിച്ചതായി ഹൈബി ഈഡൻ പറഞ്ഞു. എന്നാൽ, രണ്ടു ദിവസം മാത്രം പരിചയമുള്ള ആളോടൊപ്പമാണ് കുട്ടിയെ വിട്ടതെന്നാണ് പരാതിക്കാരയായ അമ്മ തന്നോടു പറഞ്ഞതെന്നു പി.ടി. തോമസ് എംഎൽഎ പറയുന്നു.
കുട്ടി കൂടെ പോകണമെന്ന് ആവശ്യപ്പെട്ട സ്ത്രീ ആരെന്നള്ള കാര്യം പോലീസ് മജിസ്ട്രേറ്റിനു മുന്നിൽ പറഞ്ഞിരുന്നോയെന്ന കാര്യത്തിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ ഹൈക്കോടതി രജിസ്ട്രാർക്കടക്കം പരാതി നൽകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിക്കണമെന്ന വീട്ടുകാരുടെ ആവശ്യം ശക്തമായതോടെയാണു പെണ്‍കുട്ടി വീടു വിട്ട് ഇറങ്ങിതെന്നാണ് പോലീസിന്റെ വാദം. മജിസ്ട്രേറ്റിനു മുന്നിൽ വീട്ടുകാർക്കെതിരേ പെണ്‍കുട്ടി പരാതി നൽകിയെന്നും പോലീസ് പറയുന്നു.