കൊട്ടാരക്കര : നാട്ടുകാര്‍ കാഴ്ചക്കാരായി നില്‍ക്കെ അപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സന്മനസ് കാട്ടിയ രണ്ട് യുവാക്കള്‍ മാതൃകയായി. രാത്രി 8.45ന് കൊട്ടാരക്കര ഇഞ്ചക്കാട് അമ്പലം ജംഗ്ഷനില്‍ യുവാവ് അപകടത്തില്‍ പെട്ട് റോഡില്‍ കിടന്ന് ജീവന് വേണ്ടി കേഴുന്പോൾ ചുറ്റും മൊബൈല്‍ കാമറ കണ്ണുകളുമായി ഒരു പറ്റം പേര് നോക്കിനിൽക്കുകയായിരുന്നു. ഗതാഗത തടസം വരാതിരിക്കാനായി എംസി റോഡില്‍ ചിലര്‍ ട്രാഫിക് പോലീസുകാരുടെ ജോലിയും ഏറ്റെടുത്തു.
മരണത്തോട് മല്ലടിക്കുന്ന യുവാവിന്റെ അരികിലേക്ക് പോകാതെ നില്ക്കുന്ന ആളുകളുടെ ഇടയിലേക്ക് രണ്ട് ചെറുപ്പക്കാര്‍ വന്ന് അവരെ താങ്ങിയെടുത്ത് ആശുപത്രിയിലാക്കാന്‍ വാഹനത്തിനായി കൈകാണിച്ചു. ആ വഴി എത്തിയ ഒരു ഓട്ടോയില്‍ നൂറുകണക്കിന് നാട്ടുക്കാരുടെ ഇടയിലൂടെ ചോര വാര്‍ന്നൊലിക്കുന്ന അജ്ഞാത യുവാവുമായി ആശുപത്രി ലക്ഷ്യമാക്കി നീങ്ങി.
കഴിഞ്ഞ ദിവസം കൊട്ടാരക്കര ഇഞ്ചക്കാട് അമ്പലം ജംഗ്ഷനില്‍ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞ് അപകടത്തില്‍പെട്ട തമിഴ്നാട് തെങ്കാശി ശങ്കരന് കോവില്‍ എന്തല്ലൂര്‍ നാച്ചിയാര്‍പുരത്ത് സീനി പാണ്ടി തേവര് മകന് എസ് മുരുകേശന്റെ ജീവന് രക്ഷിക്കാനെത്തിയ യുവാക്കള്‍ പുതിയ തലമുറക്ക് മാതൃക ആവുകയാണ് .
ഇടുക്കി നെടുംകണ്ടം പ്രിയാ വിലാസത്തില്‍ ശിവകുമാര്‍ (21), അടൂര്‍ പറക്കോട് എച്ച് .ബി മന്‍സിലില്‍ ഷിയാസ് (25) എന്നിവരാണ് ഊരും പേരും അറിയാത്ത ഒരു മനുഷ്യ ജീവന് രക്ഷിക്കാന്‍ വേണ്ടി ഇറങ്ങി തിരിച്ചത്. അപകടത്തില്‍പെട്ട് മുരുകേശന് പതിനഞ്ച് മിനിട്ടോളം റോഡില്‍ കിടന്നു. ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍ പെട്ട യുവാവ് മരിക്കുന്നത്.
കൊല്ലത്ത് നിന്നും നെടുംകണ്ടത്തേക്കുള്ള യാത്ര മധ്യേയാണ് ശിവകുമാര്‍ യാത്ര ചെയ്ത കെ എസ്ആര്‍ റ്റിസി ബസ് ഇഞ്ചക്കാട് വച്ച് ഗതാഗത കുരുക്കില്‍ പെടുന്നത്. സമീപത്ത് വാഹനാപകടം നടന്നുവെന്ന് അറിഞ്ഞ ശിവകുമാര്‍ ഇറങ്ങി നോക്കിയപ്പോഴാണ് ജീവന് വേണ്ടി പിടയ്ക്കുന്ന യുവാവിനെ കാണുന്നത് .
അടൂരില്‍ നിന്നും കൊട്ടാരക്കരയിലുള്ള സുഹൃത്തിന്റെ വിവാഹ വീട്ടിലേക്ക് ബൈക്കില്‍ വരും വഴിയാണ് ഷിയാസ് അപകടത്തില്‍ പെട്ട് കിടക്കുന്ന യുവാവിനെ ശ്രദ്ധിക്കുന്നത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവാവ് മരണപെട്ടിരുന്നു. പോലീസില്‍ വിവരമറിയിച്ച ശേഷം ഊരും പേരുമറിയാതെ മരിച്ചു കിടക്കുന്ന യുവാവ് ജോലി ചെയ്യുന്ന കടയിലെ മുതലാളിയെ വിവരം അറിയിക്കുവാനും യുവാക്കള്‍ മുന്നിട്ടിറങ്ങി .
ഇതിനിടയില്‍ ഷിയാസിന്റെ സുഹൃത്തുക്കളും ആശുപത്രിയില്‍ എത്തി. അപകടത്തില്‍പെട്ട യുവാവ് പതിനഞ്ച് മിനിട്ടോളം റോഡില്‍ കിടന്നതായി ശിവകുമാറും ഷിയാസും പറഞ്ഞു . യഥാസമയം ആശുപത്രിയിലെത്തിച്ചിരുന്നുെവങ്കിൽ ജീവന് രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.