കൊല്ലം: ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കൾ. കുണ്ടറ പെരുന്പുഴ വഞ്ചിമുക്ക് കോട്ടൂർ വീട്ടിൽ ലീബയുടെ മകൾ അമ്മു (21) ആണ് മരിച്ചത്.
ഭർത്താവ് എഴുകോൺ ഈലിയോട് മോഹനവിലാസത്തിൽ പണിക്കർ സജിത്ത് സതീശന്റെ വീട്ടിൽ വച്ച് മാർച്ച് 21നാണ് അമ്മുവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. തൂങ്ങിമരിച്ചു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് മാതാവ് ലീബയും സഹോദരി മാളുവും പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞെന്ന കാരണത്താൽ അമ്മുവിന് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് നിരന്തര പീഡനം ഉണ്ടായിരുന്നതായി ഇരുവരും വ്യക്തമാക്കി. 2017 മേയ് ഏഴിനായിരുന്നു ഇവരുടെ വിവാഹം.
വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുന്പുതന്നെ ഭർതൃവീട്ടിൽ നിന്ന് പീഡനം തുടങ്ങിയതായി മാതാവും സഹോദരിയും കൊട്ടാരക്കര റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. പലപ്പോഴും ഭക്ഷണം കൃത്യമായി കഴിക്കാൻ പോലും അനുവദിച്ചിരുന്നില്ലത്രേ.
അമ്മു സഹോദരിയോടും മാതാവിനോടും ഫോണിൽ സംസാരിക്കുന്നത് പോലും ഭർതൃവീട്ടുകാർ വിലക്കിയിരുന്നു. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജിത്ത്, പിതാവ് സതീശൻ, മാതാവ് രെജി, സഹോദരി ജിത്യ എന്നിവരെ പ്രതിയാക്കി എഴുകോൺ പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. പ്രതികളുടെ സ്വാധീനം കാരണമാണ് അറസ്റ്റ് നടക്കാത്തതെന്നാണ് ബന്ധുക്കൾ പറയുന്നു.
ഈ സാചര്യത്തിൽ അന്വേഷണം ലോക്കൽ പോലീസിൽ നിന്ന് മാറ്റി മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ എന്നിവർക്കും നിവേദനം നൽകിയിട്ടുണ്ട്.