മലയാളത്തിന്റെ സ്വന്തം മാളൂട്ടി നായികയാകുന്ന തെലുങ്ക് ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഭരതൻ സംവിധാനം ചെയ്ത മാളൂട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്യാമിലി. ചിത്രത്തിൽ ജയറാമിന്റെ മകളുടെ വേഷത്തിലായിരുന്നു ശ്യാമിലി എത്തിയിരുന്നത്.
ഉർവശി നായികയായി എത്തിയ ചിത്രത്തിലെ പ്രകടനത്തിന് ശ്യാമിലിക്ക് മികച്ച ബാലതാരത്തിനുളള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. ബാലതാരമായി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തിളങ്ങിയിട്ടുളള താരം കൂടിയാണ് ശ്യാമിലി. മമ്മൂട്ടിയും മോഹൻലാലും മുഖ്യ വേഷത്തിലെത്തിയ ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
കുഞ്ചാക്കോ ബോബൻ നായകനായ വള്ളീം തെറ്റി പുള്ളി തെറ്റി എന്ന ചിത്രത്തിലൂടെയായിരുന്നു ഒരിടവേളയ്ക്ക് ശേഷം ശ്യാമിലി മലയാളത്തിൽ തിരിച്ചെത്തിയിരുന്നത്. ഈ ചിത്രത്തിനു ശേഷം വിക്രം പ്രഭുവിന്റെ നായികയായി വീരശിവജി എന്ന തമിഴ് ചിത്രത്തിലായിരുന്നു ശ്യാമിലി അഭിനയിച്ചിരുന്നത്.
ഗണേഷ് വിനായക് സംവിധാനം ചെയ്ത ഈ ചിത്രം ആക്ഷൻ കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രമായിട്ടായിരുന്നു പുറത്തിറങ്ങിയിരുന്നത്. ശ്യാമിലി നായികയാവുന്ന പുതിയ തെലുങ്ക് ചിത്രമാണ് അമ്മമ്മഗരി ഇല്ലു. നാഗശൗര്യയാണ് ചിത്രത്തിൽ ശ്യാമിലിയുടെ നായകനാവുന്നത്. സുന്ദർ സുര്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റാവു രമേഷ് ,സുമൻ, ശകലാക ശങ്കർ, ഹേമ,സുധ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്ന ചിത്രത്തിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.