നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും രഞ്ജിത്തും വീണ്ടും ഒരുമിക്കുകയാണ്. ഹിറ്റുകളുടെ കൂട്ടുകെട്ട് വീണ്ടുമൊരുമിക്കുന്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളമുയരുകയാണ്. 45 ദിവസത്തെ ഡേറ്റാണ് അദ്ദേഹം ഈ സിനിമയ്ക്കായി നൽകിയിട്ടുള്ളത്. ലണ്ടനിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം.
മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജനും അനു സിത്താരയുമാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോണ്‍, ശാലിൻ സോയ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംവിധായകരായ ജോണി ആന്റണിയും ശ്യാമപ്രസാദും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
മമ്മൂട്ടിയെയായിരുന്നുവത്രേ രഞ്ജിത്ത് ആദ്യം ഈ ചിത്രത്തിനു വേണ്ടി സമീപിച്ചത്. അദ്ദേഹം ഈ സിനിമ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ തിരക്കുകൾ കാരണം അദ്ദേഹത്തിന് ചിത്രവുമായി മുന്നോട്ട് പോവാൻ കഴിയാതെ വരികയായിരുന്നു. മമ്മൂട്ടി തന്നെയാണ് ചിത്രത്തിലേക്ക് മാഹോൻലാലിനെ നിർദേശിച്ചത്. മോഹൻലാൽ ഈ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു.
മെയ് രണ്ടാം വാരത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. സിനിമയിൽ ജോയിൻ ചെയ്തതിന് ശേഷം ഇടയ്ക്ക് മോഹൻലാൽ ഓസ്ട്രേലിയയിലേക്ക് പോവുമെന്നും വിവരമുണ്ട്. സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പോവുന്നത്.
ലോഹത്തിന് ശേഷം മോഹൻലാലും രഞ്ജിത്തും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. റൊമാന്റിക് പശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന സിനിമായാണിതെന്നാണ് പ്രഥമിക റിപ്പോർട്ടുകൾ. രാവണപ്രഭു മുതൽ ആരംഭിച്ച ഹിറ്റ് കൂട്ടുകെട്ട് ഈ ചിത്രത്തിലും തുടരുമോയെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.