വി.എസ്. രതീഷ്
ആലപ്പുഴ: കുന്പളം ബ്രദേഴ്സിന്റെ ആസ്ഥാനമായ മൈതാനത്ത് ആശൂപത്രി നിർമാണം ആരംഭിക്കുന്പോൾ കളിക്കാനെത്തിയ കുട്ടികളുമായി രക്ഷാധികാരി ബൈജു തിരിഞ്ഞുനടക്കുകയാണ്. വികസനം വേണം ഒപ്പം കുട്ടികൾക്ക് കളിക്കാൻ നാട്ടിൻപുറങ്ങളിലെ കളി സ്ഥലങ്ങൾ സംരക്ഷിക്കുക കൂടി വേണമെന്ന സന്ദേശത്തോടെ ബിജു മോനോൻ നായകനായ ’രക്ഷാധികാരി ബൈജു’ എന്ന ചിത്രം അവസാനിക്കുകയാണെങ്കിൽ സമാനമായ അവസ്ഥയുണ്ടായ ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിലെ കായിക്കര ബ്രദേഴ്സ് ക്ലബ് അംഗങ്ങൾ പിന്തിരിയാൻ തയാറാകാതെ ഏതാനും ആഴ്ചകൾ കൊണ്ട് നേടിയെടുത്തത് വർഷങ്ങളായി തങ്ങൾ വോളി ബോൾ കളിച്ചിരുന്ന മൈതാനമാണ്.
ക്ലബ് അംഗങ്ങളുടെയും അഭ്യൂദയകാംക്ഷികളുടെ സംഭാവനകളും കടം വാങ്ങിയതുൾപ്പെടെയുള്ള പണവും ചേർത്തു വില നൽകി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനു പുത്തനന്പലം സബ് രജിസ്ട്രാർ ഓഫീസിൽ സ്ഥലം ക്ലബിന്റെ പേരിൽ രജിസ്റ്റർ ചെയ്തതോടെ സഫലമായത് ഒരു പ്രദേശത്തിന്റെ കായിക സ്വപ്നങ്ങളായിരുന്നു. പതിമൂന്നര സെന്റ് വരുന്ന വോളിബോൾ കോർട്ട് ഉൾപ്പെടുന്ന സ്ഥലത്തിനു ആറു ലക്ഷമായിരുന്നു ഉടമകൾ വിലയായി ബ്രദേഴ്സ് ക്ലബിനോട് ആവശ്യപ്പെട്ടത്.
സ്വന്തമായി സാന്പത്തിക സ്രോതസൊന്നുമില്ലാത്ത ക്ലബ് അംഗങ്ങൾക്ക് ഇതു നേടിയെടുക്കാവുന്നതിലുമപ്പുറമായിരുന്നെങ്കിലും ഇച്ഛാശക്തിയോടെ പ്രവർത്തിച്ചാൽ സ്ഥലം സ്വന്തമാക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. കുട്ടികൾ ഉൾപ്പെടെ 40 ഓളം വരുന്ന ക്ലബ് അംഗങ്ങൾ ഇതിനായി സംഭാവന നൽകി തുടങ്ങിയതോടെയാണ് ലക്ഷ്യം അപ്രാപ്യമല്ലായെന്ന ബോധ്യം ഇവർക്കുണ്ടായി.
20,000വും 10,000വും മുതൽ 100 രൂപ വരെയുള്ള സംഭാവനകൾ മൈതാനം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ക്ലബ് അംഗങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നൽകിയതോടെ സ്വന്തമായി മൈതാനമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പ്രവർത്തനത്തിലായി ക്ലബ് ഒന്നടങ്കം. സ്വർണം അടക്കം പലരും ക്ലബിനായി പണയം വച്ചു.
മൂന്നര പതിറ്റാണ്ടിലേറെയായി കായിക്കരയിലെ കുട്ടികളുടെയും യുവാക്കളുടെയും കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന ക്ലബാണ് ബ്രദേഴ്സ്. ആദ്യകാലത്ത് ക്രിക്കറ്റായിരുന്നു ക്ലബിന്റെ പ്രധാന മത്സരയിനം. താമരശേരി ഇല്ലത്തിന്റെ വകയായി കായിക്കരയിലുള്ള വയലിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. മഴക്കാലത്ത് വയലിൽ വെള്ളം നിറയുന്പോൾ കളിക്കാൻ അവസരമില്ലാതായതോടെ ഏകദേശം ഒന്നര പതിറ്റാണ്ടുമുന്പ് വയലിനോട് ചേർന്നുള്ള സ്ഥലം വൃത്തിയാക്കി ഇവർ വോളിബോൾ മൈതാനമൊരുക്കുകയായിരുന്നു.
ക്ലബ് അംഗങ്ങൾ തന്ന സമാഹരിച്ച ഒന്നര ലക്ഷം രൂപയോളം ചിലവഴിച്ചാണ് ഇവർ വോളിബോൾ കോർട്ട് തയാറാക്കിയത്. ജില്ലയിലെ തന്നെ എണ്ണം പറഞ്ഞ ക്രിക്കറ്റ് ടൂർണമെന്റ് വർഷങ്ങളായി ’ഗ്രീൻ ഫീൽഡ് സ്റ്റേഡിയ’മെന്ന് ഇവർ ഓമനപ്പേരിട്ട് വിളിച്ചിരുന്ന വയലിൽ വേനൽക്കാലത്ത് ക്ലബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്തിരുന്നു.
മാസങ്ങൾക്കു മുന്പ് പുതിയ ഉടമസ്ഥരെത്തി സ്ഥലത്തിന്റെ അതിർത്തി തിരിക്കുകയും കൃഷി ആവശ്യത്തിനായി വയൽ ഉഴുത് മറിക്കുകയും ചെയ്തതോടെ ഇവർക്ക് കളിസ്ഥലം ഇല്ലാതാകുന്ന അവസ്ഥയായി. സ്ഥലം വാങ്ങിയവരുമായി ക്ലബ് അംഗങ്ങൾ നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ അഡ്വാൻസ് തുകയായി രണ്ടു ലക്ഷം രൂപ നൽകണമെന്നും ബാക്കി തുക രണ്ടുമാസത്തിനുള്ളിൽ നൽകുകയും ചെയ്താൽ വോളിബോൾ കോർട്ട് ഉൾപ്പെടുന്ന 13.5 സെന്റ് ക്ലബിനു നൽകാമെന്നും ധാരണയായിരുന്നു.
പറഞ്ഞദിവസം അഡ്വാൻസ് തുക നൽകിയ ക്ലബ് അംഗങ്ങൾ ബാക്കി തുക സമാഹരിക്കുന്നതിനായി വിഷ്ണു കെ. ഷാജി പ്രസിഡന്റും ശ്രീകാന്ത് സെക്രട്ടറിയുമായ ക്ലബ് കമ്മറ്റി സമ്മാനക്കൂപ്പണ് അടക്കമുള്ളവ പുറത്തിറക്കിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച വരുമാനം സമ്മാനക്കൂപ്പണ് വില്പനയിലൂടെ കണ്ടെത്താൻ കഴിയാത്തതിനാൽ വിഷു ദിനത്തിൽ നടത്തേണ്ടിയിരുന്ന നറുക്കെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നു.
സമ്മാനക്കൂപ്പണിലൂടെ ഉദ്ദേശിച്ച പണം ലഭിക്കാതെ വന്നതോടെ സ്ഥലം ഉടമയുമായുള്ള കരാർ അനുസരിച്ച് പറഞ്ഞ തീയതിക്കു പണം നൽകുന്നതിനു രണ്ടരലക്ഷം പലിശയ്ക്കെടുത്താണ് തങ്ങളുടെ സ്വപ്നം ഇന്നലെ ഇവർ സാക്ഷാത്ക്കരിച്ചത്. ക്ലബിന്റെ രക്ഷാധികാരിയായ ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ ആധാരം സഹകരണ ബാങ്കിൽ പണയപ്പെടുത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ കടം വീട്ടാനാണ് ഇവരുടെ തീരുമാനം.
വളക്കച്ചവടക്കാരനായ ബാലചന്ദ്രന്റെ മകൻ ക്ലബിലെ അംഗവും വോളിബോൾ താരവുമാണ്. സ്ഥലം സ്വന്തമായതോടെ ക്ലബിനൊരു ആസ്ഥാനമന്ദിരമെന്നതാണ് ഇവരുടെ അടുത്ത സ്വപ്നം. സ്ഥലം വാങ്ങുന്നതിനായി സാന്പത്തികം കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള ബാധ്യതകളേറെയുണ്ടെങ്കിലും അതെല്ലാം വോളിബോൾ ഗെയിമിൽ എതിരാളികളെ തകർക്കുന്ന കരുത്തുറ്റ സ്മാഷ് പോലെ പരിഹരിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് രക്ഷാധികാരി ബാലചന്ദ്രനും ബ്രദേഴ്സിലെ പിള്ളേരും.