കടുത്തുരുത്തി: യുവാക്കളുടെ സത്യസന്ധതയിൽ ഉടമയ്ക്കു തിരിച്ചു കിട്ടിയത് വഴിയിൽ നഷ്ടപ്പെട്ട 39,400 രൂപ. കുറുപ്പന്തറയിൽ മെയ് ഒന്നിന് നടക്കുന്ന മ്യൂസിക് ഫെസ്റ്റിനോടുനബന്ധിച്ചു ഫ്ളെക്സ് ബോർഡുകൾ സ്ഥാപിക്കുകയായിരുന്ന യുവാക്കളുടെ സംഘത്തിനാണ് വഴിയിൽ കിടന്ന പണമടങ്ങിയ പഴ്സ് ലഭിക്കുന്നത്.
ചൊവ്വാഴ്ച്ച രാത്രി 11 ഓടെ ഇരവിമംഗലം അപ്പൻകവലയിൽ വച്ചാണ് ആറംഗ സംഘത്തിന് പഴ്സ് ലഭിച്ചത്. പന്തക്കുസ്ത യുവജന സംഘടനയുടെ പ്രവർത്തകരായ കുറുപ്പന്തറ മണിമലക്കുന്നേൽ അഖിൽ, ആയാംകുടി കൃപാഭവൻ ഡാൻ, അതിരന്പുഴ കല്ലുപെരുന്നേൽ റോബിൻ, ബിബിൻ പൗലോസ്, ഫിലിപ്പ് ജയിംസ്, ജെയ്സണ് ചാക്കോ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
പഴ്സ് തുറന്നു നോക്കിയ യുവാക്കളുടെ കണ്ണ് പണത്തിൽ കുരുങ്ങിയില്ല. രാത്രിതന്നെ ഇവർ പണമടങ്ങിയ പഴ്സുമായി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി ഇതു പോലീസിന് കൈമാറി. മുട്ടുചിറയിൽ കട നടത്തുന്ന ഇരവിമംഗലം സ്വദേശിയായ അനീഷിന്റേതായിരുന്നു പണം.
രാത്രിയിൽ വീട്ടിലേക്കു മടങ്ങുന്പോളാണ് അനീഷിന്റെ കൈയിൽ നിന്നു പഴ്സ് നഷ്ടപ്പെട്ടത്. രാവിലെതന്നെ പണം നഷ്ടപെട്ട വിവരം അറിയിക്കാൻ അനീഷ് സ്റ്റേഷനിലെത്തിയപ്പോളാണ് തലേന്ന് രാത്രിതന്നെ തന്റെ പഴ്സ് ഇവിടെ കിട്ടിയ വിവരം അറിയുന്നത്. തുടർന്ന് പണം കിട്ടിയ യുവാക്കളെ വിളിച്ചു വരുത്തി പോലീസ് അനീഷിന് കൈമാറുകയായിരുന്നു.