കോട്ടയം: പുതുപ്പള്ളി കവലയിൽ നിയന്ത്രണംവിട്ട വാനിടിച്ചു മരിച്ച ചുമട്ടു തൊഴിലാളിയുടെ സംസ്കാരം ഇന്നു നടക്കും. പുതുപ്പള്ളി തച്ചകുന്ന് അയ്യൻകോയിക്കൽ ഷാജി (50)യാണു മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണു അപകടമുണ്ടായത്. അപകടത്തിൽ പുതുപ്പള്ളി കോനായിൽ കൊച്ചുമോ(49)നും പരിക്കേറ്റിരുന്നു.
തോട്ടയ്ക്കാട് റോഡിൽനിന്നും വരികയായിരുന്ന പാഴ്സൽ വാൻ നിയന്ത്രണം വിട്ടു റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിൽ ഇടിച്ചു. തുടർന്നു ഇവിടെ പാർക്ക് ചെയ്തിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എംഎസ് ഏജൻസിസിലേക്കു പാഞ്ഞു കയറുകയായിരുന്നു. ഫുട്പാത്തിൽ നിൽക്കുകയായിരുന്ന ഷാജി വാഹനത്തിനു മുന്നിൽ കുടുങ്ങി.
ഷാജിയേയും വലിച്ചുകൊണ്ടാണു വാൻ കടയ്ക്കുള്ളിലേക്കു പാഞ്ഞു കയറിയത്. ശബ്ദം കേട്ടു ഓടിക്കൂടിയവരാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്.പുതുപ്പള്ളി വെട്ടത്തുകവലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന കണ്ട്രോൾ റൂം പോലീസുകാർ എത്തിയാണു ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഷാജിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണു മരണം സംഭവിച്ചത്.
എറണാകുളത്തുനിന്നും ആലപ്പുഴ, കോട്ടയം ജില്ലകളിൽ പാഴ്സൽ വിതരണം ചെയ്യാനെത്തിയ വാനാണു അപകടത്തിൽപ്പെട്ടത്. സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി വാൻ പുതുപ്പള്ളിയിലേക്കു വരികയായിരുന്നു വാഹനം. അപകടത്തെ തുടർന്നു സംഭവ സ്ഥലത്തുനിന്നും രക്ഷപെട്ട വാൻഡ്രൈവർ ആലപ്പുഴ അന്പലപ്പുഴ കാഞ്ഞുരത്തുംപാറ സന്തോഷ്കുമാർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
ഇയാൾക്കെതിരെ പോലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാജിയുടെ സംസ്കാരം ഇന്നു മൂന്നിനു കാഞ്ഞിരത്തുംമൂട് എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ തങ്കമ്മ, മക്കൾ: ജിനു, വിഷ്ണു.