കണ്ണൂർ: സ്വകാര്യ മേഖലയിലെ നഴ്സുമാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും അടിസ്ഥാന ശന്പളം പുതുക്കി നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയപ്പോഴും അടിസ്ഥാന വേതനത്തിൽനിന്നും വളരെക്കുറവുമാത്രം ശന്പളം ലഭിക്കുന്നവർ ഇപ്പോഴും സർക്കാർ മേഖലയിൽ അവശേഷിക്കുന്നു.
ആരോഗ്യ കേരളത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഹെൽത്ത് മിഷനിലെ (എൻഎച്ച്എം) 7,000-ത്തോളം കരാർ ജീവനക്കാർക്കാണ് മിനിമം വേതനവും അർഹമായ അവധികളും നിഷേധിക്കപ്പെട്ടിരിക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന ശന്പളം 20,000 രൂപയായി ഉയർത്തിയപ്പോൾ എൻഎച്ച്എമ്മിൽ ജോലിയിൽ പ്രവേശിക്കുന്ന സ്റ്റാഫ് നഴ്സിന്റെ ശന്പളം 13,900 മാത്രമാണ്.
സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് സർവീസ് വെയിറ്റേജ്, ക്ഷാമബത്ത, വാർഷിക ഇൻക്രിമെന്റ് എന്നിവ ലഭിക്കുമെന്ന് വിജ്ഞാപനത്തിൽ പറയുന്പോഴും എൻഎച്ച്എമ്മിലെ സ്റ്റാഫ് നേഴ്സുമാർക്ക് ലഭിക്കുന്നത് പരമാവധി 15,102 ആണ്. അതും എട്ടും 10 വർഷം സർവീസ് ഉള്ളവർക്ക്.
അതുപോലെ സ്വകാര്യമേഖലയിലെ എഎൻഎം (ജൂണിയർ പബ്ലിക് ഹെൽത്ത് നഴ്സ്) നഴ്സുമാരിലെ തുടക്കക്കാർക്ക് (ഗ്രേഡ്-1) 17,680 രൂപയും സീനിയോറിറ്റി ഉള്ളവർക്ക് (ഗ്രേഡ്-2) 18,570 രൂപയും പ്രഖ്യാപിക്കപ്പെട്ടപ്പോൾ എൻഎച്ച്എമ്മിലെ ഗ്രേഡ്-1 വിഭാഗത്തിന് 11,620 രൂപയും 10 വർഷത്തിനുവരെ മുകളിൽ സർവീസ് ഉള്ളവർക്കുപോലും പരമാവധി 14,504 രൂപയാണ് ലഭിക്കുന്നത്.
ഫാർമസിസ്റ്റിനും എഎൻഎം ജീവനക്കാരുടെ അതേ സ്കെയിലാണ് ലഭിക്കുന്നത്. ലാബ്ടെക്നീഷ്യന് 12,550, ഡേറ്റാ എൻട്രി ഓപറേറ്റർക്ക് 12,973, ഓഫീസ് അറ്റൻഡർക്ക് 10,606 രൂപ എന്നീ ക്രമത്തിൽ തുച്ഛമായ ശന്പളമാണ് ലഭിക്കുന്നത്.
എൻഎച്ച്എമ്മിൽ 10 വർഷത്തിനു മുകളിൽപ്പോലും സർവീസ് ഉള്ളവർവരെ കരാർ ജീവനക്കാരായി തുടരുന്നതുകൊണ്ട് വേതനത്തിന്റെ കാര്യത്തിൽ പ്രതിഷേധിക്കാൻപോലും അവർക്ക് കഴിയുന്നില്ല. അങ്ങനെ ഉണ്ടായാൽ പിറ്റേവർഷം കരാർ പുതുക്കുന്പോൾ അവരെ ഒഴിവാക്കുമെന്ന് ജീവനക്കാർ പറയുന്നു.
എൻഎച്ച്എം ജീവനക്കാർക്ക് സംസ്ഥാനത്ത് ഒരു വർഷം ലഭിക്കുന്നത് ആറ് പൊതു അവധികൾമാത്രമാണ്. പുതിയ ശന്പള പരിഷ്കരണം കോടതിയിൽ ചോദ്യംചെയ്യാൻ സ്വകാര്യ മാനേജ്മെന്റുകൾ ഒരുങ്ങുന്പോൾ അവർ എൻഎച്ച്എം ജീവനക്കാരുടെ ശന്പളം വിവരം കോടതിയിൽ ചൂണ്ടിക്കാണിച്ചാൽ അതു തിരിച്ചടിയാകുമെന്ന് നിയമവിദ്ഗധർ ചൂണ്ടിക്കാണിക്കുന്നു.