ഒറ്റപ്പാലം: നഗരം കുപ്പത്തൊട്ടിക്ക് സമം. മാലിന്യ സംസ്കരണം കാര്യക്ഷമമല്ലെന്ന് വ്യാപകമായി പരാതി. ഒറ്റപ്പാലം നഗരസഭ പരിധിയിൽ എവിടെ നോക്കിയാലും മാലിന്യകൂന്പാരമാണ്. തോന്നിയിടത്തെല്ലാം മാലിന്യനിക്ഷേപം നടത്തുന്നവരെ കണ്ടെത്തുന്നതിനോ നടപടികളെടുക്കുന്നതിനോ ആരും രംഗത്തുവരാത്തത് മാലിന്യനിക്ഷേപങ്ങളുടെ തോത് വർധിപ്പിക്കുന്നു.
ജനവാസകേന്ദ്രങ്ങളിൽപോലും തോന്നിയപോലെയുള്ള മാലിന്യനിക്ഷേപമാണ് നടക്കുന്നത്. പാലക്കാട്-കുളപ്പുള്ളി പാതയുടെ വശങ്ങളിലും മാലിന്യകൂനകൾ പതിവുകാഴ്ചയാണ്. പാലപ്പുറം എൻഎസ്എസ് കോളജിന് സമീപം റോഡിനോടു ചേർന്നുള്ള മാലിന്യ നിക്ഷേപം വലിയതോതിൽ വർധിച്ച അവസ്ഥയാണ്.
ചാക്കുകളിലും പ്ലാസ്റ്റിക് ബാഗുകളിലുമാക്കിയാണ് ഇവിടെ ആളുകളും കച്ചവടക്കാരും മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്. ചാക്കുകണക്കിന് പഴകിയ പച്ചക്കറികളും മാംസാവശിഷ്ടങ്ങളും ഇവിടേക്കെത്തുന്നുണ്ട്.രാപകൽ വ്യത്യാസമില്ലാതെയാണ് ഇവിടെ ആളുകൾ ബൈക്കുകളിലും ഓട്ടോറിക്ഷകളിലും മറ്റ് വാഹനങ്ങളിലും എത്തി മാലിന്യങ്ങൾ തള്ളിപോവുന്നത്. ഒറ്റപ്പാലം നഗരത്തിനകത്തും പുറത്തും വലിയ തോതിലുള്ള മാലിന്യനിക്ഷേപങ്ങളാണ് നടക്കുന്നത്.
മാലിന്യശേഖരണവും സംസ്കരണവും കാര്യക്ഷമമല്ലാത്തതിനാൽ നഗരത്തിന്റെ ഭൂരിഭാഗം മേഖലകളിൽകൂടിയും മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥയാണ്. കയറംപാറയിൽ നിർമിച്ച മാലിന്യസംസ്കരണകേന്ദ്രം ഇനിയും ഉദ്ഘാടനം ചെയ്യാത്തതും മാലിന്യസംസ്കരണത്തിന് തിരിച്ചടിയായിട്ടുണ്ട്. പനമണ്ണയിലെ ഖരമാലിന്യസംസ്കരണശാല കാര്യക്ഷമമല്ലാത്ത അവസ്ഥയാണ്.
നഗരത്തിന്റെ വിവിധ മേഖലകളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയാത്തതാണ് പ്രശ്നം.