പുനലൂർ: ജില്ലയിലെ ഗവ. പ്രൈമറി പ്രഥമാധ്യാപകരുടെ പ്രമോഷൻ നടപടികൾ നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്. അക്കൗണ്ട് ടെസ്റ്റും കെ.ഇ.ആർ ടെസ്റ്റും പാസ്സായവർക്കു മാത്രമേ പ്രഥമാധ്യാപക പ്രമോഷന് അർഹതയുള്ളു എന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളേയും വിവിധ കോടതി ഉത്തരവുകളുടെ അന്തസ്സത്തയേയും മറികടന്ന് കഴിഞ്ഞ മാർച്ച് ആറിന് സർക്കാർ ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതി സ്റ്റേ അനുവദിച്ചത്.
കേരളത്തിൽ വർഷങ്ങളായി കെഎസ് ആന്റ് എസ്എസ്ആര് വ്യവസ്ഥകൾക്ക് വിധേയമായി ഗവൺമെന്റ് അമ്പതുവയസ് കഴിഞ്ഞവർക്ക് ടെസ്റ്റ് ഇളവു നൽകി പ്രമോഷൻ നൽകി വരികയായിരുന്നു. ഇന്ത്യൻ പാർലമെന്റ് പാസാക്കുകയും കേരളാ നിയമസഭ 2011-ൽ അംഗീകരിച്ചതുമായ വിദ്യാഭ്യാസ അവകാശ നിയമത്തിൽ 50 വയസ് കഴിഞ്ഞവർക്കു ടെസ്റ്റ് ഇളവ് പറയുന്നില്ല.
ഹൈസ്കൂൾ പ്രഥമാധ്യാപക പ്രമോഷന് ടെസ്റ്റ് യോഗ്യതകൾ നിർബന്ധമാക്കി 2015ൽ കോടതി ഉത്തരവിട്ടിരുന്നു.എന്നാൽ പ്രൈമറി വിഭാഗത്തിന് ഗവൺമെന്റ് വീണ്ടും ഇളവ് അനുവദിച്ച് പ്രമോഷൻ നൽകി വരികയായിരുന്നു.
ഇങ്ങനെ നിയമവിരുദ്ധമായ ഇളവ് അനുവദിച്ചു നൽകിയ ഉത്തരവിനെ കോടതിയിൽ ഹർജിക്കാർ ചോദ്യം ചെയ്തിരിക്കുന്നത്. തൽഫലമായിട്ടാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള സ്റ്റേയും.
നേരത്തേ നൽകിയ ഹർജികളുടെ ഫലമായി ടെസ്റ്റ് യോഗ്യതകൾ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നോട്ടിഫൈ ചെയ്യാൻ കോടതി ഉത്തരവിടുകയും അതിൻ പ്രകാരം ആദ്യം എയ്ഡഡ് വിഭാഗത്തിനും കോടതിയലക്ഷ്യ നടപടികൾ നേരിടുമെന്നായപ്പോൾ രണ്ടാമത് ഇറക്കിയ ഉത്തരവിലൂടെ ഗവൺമെന്റ് പ്രൈമറി വിഭാഗത്തിനും പ്രഥമാധ്യപക പ്രമോഷന് യോഗ്യത നോട്ടിഫൈ ചെയ്ത് ഉത്തരവിറക്കിയിരുന്നു.
അങ്ങനെ യോഗ്യത നോട്ടിഫൈ ചെയ്തിറക്കിയ ഉത്തരവിലാണ് 2014-ലെ നിയമവിരുദ്ധമായ (വിദ്യാഭ്യാസ അവകാശ നിയമം റൂൾ 18 (1) പ്രകാരം) യോഗ്യത ഇളവ് വീണ്ടും തിരുകി കയറ്റി ഗവൺമെന്റ് ഉത്തരവിട്ടത്. ഈ നിയമവിരുദ്ധമായ ഉത്തരവിനെതിരെയാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്.