സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ എസ്കെ പൊറ്റക്കാട് സ്ക്വയറില്‍ പ്രതിഷേധ യോഗങ്ങളും പൊതുയോഗങ്ങളും മാര്‍ച്ചും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉത്തരവിട്ടതോടെ സാംസ്ക്കാരിക സംഗമങ്ങള്‍ എവിടെ നടത്തുമെന്ന് ചോദ്യവുമായി സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്.
മാനാഞ്ചിറ മൈതാനം തുറന്നു കൊടുക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. മിഠായിത്തെരുവിലെക്കുള്ള പ്രവേശനം തടസപ്പെടുത്തുന്ന രീതിയില്‍ എസ്കെ സ്ക്വയറില്‍ പരിപാടികള്‍ നടത്തുന്നത് അനുവദിക്കാനാവില്ലെന്ന് കഴിഞ്ഞ തവണ ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍ യോഗം നിലപാടെടുത്തിരുന്നു.
പൈതൃകത്തെരുവാക്കി മിഠായിത്തെരുവ് നവീകരിച്ച ശേഷം ചെറുതും വലുതുമായ എല്ലാ കലാ- സാംസ്കാരിക പരിപാടികളും നടക്കുന്നത് എസ്കെ സ്ക്വയറിലായിരുന്നു. ഇതെല്ലാം മിഠായിത്തെരുവിലെത്തുന്നവര്ക്ക് ശല്യമായി മാറുന്നെന്നാണ് കൗണ്‍സിലില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞത്. ഭരണ പ്രതിപക്ഷ ഭേദമെന്യേയുള്ള അഭിപ്രായവും ഇതുതന്നെയായിരുന്നു.
മാനാഞ്ചിറഫ്രീയാണ്,
പക്ഷെ 2.30 മുതല്‍ മാത്രം…
കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട വിശ്രമ കേന്ദ്രമായ മാനാഞ്ചിറ മൈതാനവും പാര്‍ക്കും ഉച്ചയ്ക്ക് 2.30ന് ശേഷം മാത്രമേ തുറന്നു കൊടുക്കാറുള്ളൂ എന്നതാണ് നഗരത്തില്‍ സമയം ചിലവഴിക്കാനെത്തുന്നവര്‍ക്ക് തിരിച്ചടിയാകുന്നത്. വൈകുന്നേരം വെയില് താഴ്ന്ന ശേഷമേ ആളുകള്‍ ബീച്ചിലേക്ക് പോകാറുള്ളൂ. സ്വപ്നനഗരിയിലെ സരോവരം പാര്‍ക്കിലേക്ക് കൂടുതലും കമിതാക്കളാണ് പോകാറുള്ളത്.
കുടുംബങ്ങളും ഒറ്റയ്ക്കെത്തുന്നവരും സരോവരത്തിലേക്ക് പോകാന്‍ മടിക്കുകയാണ്. മിഠായിത്തെരുവില്‍ ഇരിപ്പിടം തയ്യാറായതോടെ രാവിലെ മുതല്‍ നിരവധി പേരാണ് ഇവിടെയെത്തുന്നത്. രാവിലെ 10 മുതല്‍ മാനാഞ്ചിറ മൈതാനം തുറന്നു കൊടുത്താല്‍ പൊതുജനങ്ങള്‍ക്കും മിഠായിത്തെരുവില്‍ എത്തുന്നവര്‍ക്കും അതൊരു ആശ്വാസമാകും.
വേണം മാനാഞ്ചിറയില്‍ ഒരു സ്ഥിരം വേദി…
അമൃത് പദ്ധതിയിലുള്‍പ്പെടുത്തി മാനാഞ്ചിറ നവീകരിക്കാന്‍ തയ്യാറെടുത്ത് നില്ക്കുമ്പോള് മൈതാനിയില്‍ കലാ- സാംസ്കാരിക പരിപാടികള്‍ നടത്താനായി ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിക്കുമെന്നാണ് കോര്പറേഷന് പറയുന്നത്. ഓപ്പണ്‍ സ്റ്റേജ് വന്നു കഴിഞ്ഞാല്‍ ലൈബ്രറി ജംഗ്ഷനില്‍ നടക്കുന്ന പരിപാടികള്‍ മാനാഞ്ചിറയ്ക്കുള്ളില് നടത്താന്‍ സാധിക്കുകയും അതുവഴി നഗരത്തിലെ വലിയ ഗതാഗത തിരക്ക് കുറയ്ക്കാന്‍ കഴിയുകയും ചെയ്യും.
എസ്കെ സ്ക്വയറില്‍ പരിപാടികള്‍ നടക്കുമ്പോള്‍ വലിയ സ്റ്റേജ് ഒരുക്കിയും കസേരകള്‍ കൊണ്ട് നിറച്ചും പ്രവേശന കവാടം തടസപ്പെടുത്തുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് കാരണം വലിയ ഗതാഗത തടസമാണ് ഉണ്ടാകാറുള്ളത്. മാനാഞ്ചിറ മൈതാനത്തിനകത്തേക്ക് പരിപാടികള്‍ വന്നാല്‍ അത് യാത്രക്കാരെയും കച്ചവടക്കാരെയും ബാധിക്കുകയുമില്ല.
കച്ചവടക്കാരുടെ പ്രശ്നം മനസിലാക്കി അധികൃതര്‍
ഒരു കാരണവശാലും എസ്കെ.പ്രതിമയില്‍ കൊടിതോരണങ്ങള്‍ ,ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ തൂക്കാന്‍ പാടില്ല. കസേരകള്‍ നിരത്തി സന്ദര്‍ശകരുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്താന്‍ പാടില്ല. നിരോധനം ഉറപ്പുവരുത്താന്‍ പോലീസിന്റെയും കോഴിക്കോട് കോര്പറേഷന് അധികൃതരുടെയും ഏകോപനം ഉറപ്പുവരുത്തണം.
അതേസമയം ചെറിയ കലാസാംസ്കാരിക പരിപാടികള്‍ നഗരസഭാ അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങി മാത്രം ഇവിടെ സംഘടിപ്പിക്കാമെന്നും കളക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. മിഠായിത്തെരുവില്‍ വലിയ പരിപാടികള്‍ നടക്കുന്നതിനാല്‍ കച്ചവടം കുറയുന്നുവെന്ന പരാതിയാണ് വ്യാപാരികള്‍ക്കുള്ളത്. എസ്കെ സ്ക്വയര്‍ വരെ മാത്രമേ ആളുകള്‍ എത്തുന്നുള്ളൂ എന്നാണ് ഇവര്‍ പറയുന്നത്.
എസ്കെ സ്വകയറിലെ പരിപാടികള്‍ പൊടിപൊടിക്കുന്നത് കാരണം കിഡ്സണ്‍ കോര്‍ണറിലെ ഓട്ടോ സ്റ്റാഡിലുള്ള ഓട്ടോ തൊഴിലാളികളും കഷ്ടപ്പെടുകയാണ്. ഇവിടെ നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. സിറ്റി ബസുകള്‍ നിര്‍ത്താനുള്ള ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താനാവാത്ത അവസ്ഥയാണ് ബസ് തൊഴിലാളികള്‍ക്കുള്ളത്. എല്‍ഐസി മുതല്‍ ലൈബ്രറി ജംഗ്ഷന് വരെ രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. പുതിയ തീരുമാനത്തോടെ ഇതിന് ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.