ഒരു ജോലി ലഭിക്കുകയാണെങ്കില്‍ കുടുംബത്തിലുള്ള ബാക്കിയുള്ളവരെയും രക്ഷിക്കാനാകും! കൊലപാതകങ്ങള്‍ ഒന്നൊന്നായി നടത്തുന്നതിനിടയിലും സര്‍ക്കാര്‍ ജോലിയ്ക്കായി സൗമ്യ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

പിണറായിയില്‍ മാതാപിതാക്കളെയും മക്കളെയും അതിക്രൂരമായി കൊലപ്പെടുത്തിയ സൗമ്യയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ ക്രൂരകൃത്യങ്ങളൊക്കെ ഒന്നൊന്നായി നടത്തുന്നതിനിടയിലും സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് സൗമ്യ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു എന്ന വാര്‍ത്തയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.

ജീവിക്കാന്‍ മറ്റു വഴിയില്ലെന്നും സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ട് പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കിയിരുന്നതായി തെളിഞ്ഞു. മക്കളായ കീര്‍ത്തന, ഐശ്വര്യ, അമ്മ കമല എന്നിവര്‍ മരിച്ചതിനുശേഷം നല്‍കിയ അപേക്ഷയില്‍ തന്റെ രണ്ടു കുട്ടികള്‍ക്കും അമ്മയ്ക്കും അജ്ഞാത രോഗമാണെന്നും പരാമര്‍ശമുണ്ട്.

എന്റെ കുടുംബത്തിനു ആവുന്ന സഹായം ചെയ്തു തരണം. എനിക്കൊരു ജോലി ലഭിക്കുകയാണെങ്കില്‍ കുടുംബത്തിലുള്ള ബാക്കിയുള്ളവരെയും രക്ഷിക്കാനാകും …സൗമ്യയുടെ നിവേദനം തുടങ്ങുന്നത് ഇങ്ങനെയാണ്. മാര്‍ച്ച് ഏഴിനാണു സൗമ്യയുടെ അമ്മ മരിക്കുന്നത്. മൂന്നു ദിവസം ആവുമ്പോഴേക്കും മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. മാര്‍ച്ച് 10ന് മുഖ്യമന്ത്രി സൗമ്യയുടെ വീട്ടിലെത്തിയപ്പോളായിരുന്നു ഇത്.

അപേക്ഷ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വഴി ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്തു. വില്ലേജ് ഓഫിസര്‍ രണ്ടുപേര്‍ക്ക് അജ്ഞാത രോഗമാണെന്നും അമ്മ മരണപ്പെട്ടെന്നും റിപ്പോര്‍ട്ടു നല്‍കി. അതുസംബന്ധിച്ച് നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണു കൂട്ടക്കൊലപാതകത്തില്‍ സൗമ്യയുടെ പങ്ക് തെളിഞ്ഞത്.

 

Related posts