മ്യൂണിക്: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ സ്പാനിഷ് വന്പനായ റയൽ മാഡ്രിഡിനെ വെല്ലാൻ സാധ്യമല്ലെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. റയലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിച്ചുകെട്ടിയിട്ടും 60 ശതമാനം പന്തടക്കമുണ്ടായിട്ടും നിരവധി തവണ ഗോളിലേക്കു ലക്ഷ്യംവച്ചിട്ടും ബയേണ്‍ മ്യൂണിക്കിന് സ്വന്തം തട്ടകമായ അല്യൻസ് അരീനയിൽ പിഴച്ചു.
മാഴ്സലോയുടെ ലോംഗ് റേഞ്ച് ഗോളും, പകരക്കാരനായി ഇറങ്ങിയ മാർക്കോ അസെൻസിയ ബയേണിന്റെ ചെറിയൊരു പിഴവ് മുതലാക്കി നേടിയ ഗോളും മതിയായിരുന്നു റയൽ മാഡ്രിഡിന് ജയം നേടാൻ. അതോടെ ആദ്യപാദ സെമിയിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷം 2-1ന്റെ ജയത്തോടെ റയൽ ഫൈനലിലേക്ക് അടുത്തു. ബയേണിനുശേഷം (1976) തുടർച്ചയായി മൂന്നു തവണ ചാന്പ്യൻസ് ലീഗ് കിരീടം നേടുന്ന ടീമെന്ന റിക്കാർഡിലേക്കുള്ള റയലിന്റെ ചുവടുവയ്്പായിരുന്നു ജർമൻ ക്ലബ്ബിന്റെ തട്ടകത്തിൽ ദർശിച്ചത്.
ഹമേഷ് റോഡ്രിഗസിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചിൽനിന്ന് ജോഷ്വ കിമ്മിച്ച് 28-ാം മിനിറ്റിൽ തൊടുത്ത ഷോട്ട് കെയ്ലർ നവാസിന്റെ കൈകളും കടന്ന് റയലിന്റെ വലയിൽ. തുടർന്ന് 44-ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്ന് മാഴ്സലോ തൊടുത്ത അപ്രതീക്ഷിത ലോംഗ് റേഞ്ച് ഗോളിൽ റയൽ 1-1ന് ഒപ്പമെത്തി. രണ്ടാം പകുതിയിൽ ഇസ്കോയ്ക്കു പകരമായെത്തിയ അസെൻസിയോ ബയേണ്‍ താരം റാഫിനയുടെ പിഴവിൽനിന്നു ലഭിച്ച പന്ത് ലൂക്കാസ് വാസ്ക്വെസുമായി കൊടുത്തുവാങ്ങി 57-ാം മിനിറ്റിൽ വല കുലുക്കി, റയലിന്റെ ജയം കുറിച്ച ഗോളായി അത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു തവണ വല കുലുക്കിയെങ്കിലും റഫറി ഹാൻഡ്ബോൾ വിളിച്ചു. അതോടെ തുടർച്ചയായ 12 മത്സരങ്ങളിൽ ഗോൾ നേടിയ റൊണാൾഡോ നിശബ്ദനായി. എതിർ ബോക്സിനുള്ളിൽ വെറും മൂന്നു തവണ മാത്രമാണ് റൊണാൾഡോയ്ക്ക് പന്ത് ടച്ച് ചെയ്യാൻ സാധിച്ചതെന്നതു മാത്രം മതി പോർച്ചുഗീസ് താരത്തെ ബയേണ്‍ വരിഞ്ഞുമുറുക്കിയതിനെ സാധൂകരിക്കാൻ. 2017 മേയ്ക്കുശേഷം ഷോട്ട് ഓണ്‍ ടാർഗറ്റ് ഇല്ലാതെ റൊണാൾഡോ കളം വിടുന്നതും ഇതാദ്യം!
ചാന്പ്യൻസ് ലീഗിൽ റയലിനു മുന്നിൽ തുടർച്ചയായ ആറാം തവണയാണ് ബയേണ്‍ പരാജയപ്പെടുന്നത്.
മാനുവൽ നോയർ, ഡേവിഡ് അലാബ, അർവിരോ വിദാൽ, കിംഗ്സ്ലി കോൾമാൻ എന്നീ വന്പന്മാരില്ലാതെയാണ് ബയേണ്‍ ഇറങ്ങിയത്. പരിക്കേറ്റ ആര്യൻ റോബൻ, ജെറോം ബോട്ടെംഗ് എന്നിവരെ ആദ്യപകുതിയിൽത്തന്നെ പിൻവലിക്കേണ്ടിയും വന്നു. എങ്കിലും നിരവധി അവസരങ്ങൾ ബയേണ്‍ തുറന്നെടുത്തു. മേയ് രണ്ടിനു നടക്കുന്ന രണ്ടാം പാദത്തിൽ രണ്ടു ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമേ അഞ്ച് വർഷത്തിനുള്ളിൽ നാലാം തവണയും ഫൈനലിൽ കടക്കുന്നതിൽനിന്ന് റയലിനെ തടയാൻ ബയേണിനു സാധിക്കൂ.
റയൽ മാഡ്രിഡിന്റെ 150-ാം ചാന്പ്യൻസ് ലീഗ് മത്സരവിജയമാണിത്. ചാന്പ്യൻസ് ലീഗിൽ 150 ജയം നേടുന്ന ആദ്യടീമെന്ന നേട്ടവും സ്പാനിഷ് ടീം ഇതിലൂടെ സ്വന്തമാക്കി.
റിബറിയെ കയ്യേറ്റം ചെയ്തു
മ്യൂണിക്: റയൽ മാഡ്രിഡിനെതിരേ പരാജയപ്പെട്ടശേഷം മൈതാനം വിടുന്നതിനിടെ ബയേണ്‍ താരങ്ങൾക്കു നേരേ ആരാധകരുടെ കയ്യേറ്റം. മൈതാനത്ത് അതിക്രമിച്ചു കയറിയ ആരാധകരിൽ ഒരാൾ ബയേണ്‍ താരം ഫ്രാങ്ക് റിബറിയുടെ ജേഴ്സിയിൽ പിടിച്ച് ശക്തമായി വലിച്ചു. മറ്റൊരു ആരാധകൻ റയൽ മാഡ്രിഡ് താരങ്ങൾക്കൊപ്പം സെൽഫി എടുത്തു.
ഗുരുതര സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ബയേണിനെതിരേ നടപടി ഉണ്ടാകുമെന്നുമാണ് യുവേഫ വൃത്തങ്ങളിൽനിന്നുള്ള സൂചന. ബയേൺ മ്യൂണിക്കിനെതിരേ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് മേയ് 31ന് യുവേഫ പരിഗണിക്കും.